Latest News

ഇടുക്കി അണക്കെട്ട് തുറന്നു; ജാഗ്രതാനിര്‍ദേശം

ഇടുക്കി അണക്കെട്ട് തുറന്നു; ജാഗ്രതാനിര്‍ദേശം
X

തൊടുപുഴ: നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാം തുറന്നു. നേരത്തെ നിശ്ചയിച്ചപോലെ രാവിലെ പത്തു മണിക്കുതന്നെയാണ് ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50ഘനഅടി വെള്ളം പുറത്തുപോകും. മുന്‍കരുതലെന്ന നിലയിലാണ് നടപടി.

ഇന്നലെ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഷട്ടര്‍ തുറക്കുന്നതിനു മുന്നോടിയായി 9.55ന് സൈറണ്‍ മുഴക്കി. തുടര്‍ന്ന് രണ്ടാമത്തെ മിനിറ്റിലും വീണ്ടും സൈറണ്‍ മുഴക്കി. ഒരു മിനിറ്റിനുശേഷം മൂന്നാമത്തെ സൈറണും മഴുക്കി. കൃത്യം പത്തിന് ഷട്ടര്‍ തുറന്നു.

ഇടുക്കി ഡാമിലെ വെള്ളം വിവിധ അണക്കെട്ടുകളിലൂടെ കടന്ന് മലയാറ്റൂര്‍, കാലടി, വരാപ്പുഴ വഴി കായലിലെത്തും.

ഇപ്പോള്‍ 2384.18 അടിയാണ് ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 2403 അടി. അപ്പര്‍ റൂള്‍ ലെവല്‍ 2383.5 ഇന്നലെ ജലനിരപ്പ് 2382.53 അടിയായതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെയാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്.

പ്രദേശത്തെ 79 വീടുകള്‍ക്ക് മുന്‍കരുതല്‍ നോട്ടിസ് നല്‍കി.

വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതായാണ് റിപോര്‍ട്ട്.

ഡാം തുറക്കുന്നതോടെ പെരിയാറില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്. പുഴ മുറിച്ചുകടക്കുന്നതും മീന്‍പിടുത്തവും നിരോധിച്ചു. തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it