Latest News

പതിനെട്ട് വര്‍ഷം ദസറ നടത്തിയവരാണ് ഹൈദരാലിയും ടിപ്പുസുല്‍ത്താനും: കോണ്‍ഗ്രസ് എംഎല്‍എ

പതിനെട്ട് വര്‍ഷം ദസറ നടത്തിയവരാണ് ഹൈദരാലിയും ടിപ്പുസുല്‍ത്താനും: കോണ്‍ഗ്രസ് എംഎല്‍എ
X

മൈസൂരു: മൈസൂരുവിലെ ചരിത്രപ്രസിദ്ധമായ ദസറ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ബുക്കര്‍ പുരസ്‌കാര ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖിനെ ക്ഷണിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ബിജെപി നേതാക്കളുടെ എതിര്‍പ്പിനോട് പ്രതികരിച്ച് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നിയമസഭാംഗവുമായ തന്‍വീര്‍ സേട്ട്, ദസറ ആഘോഷങ്ങളുടെ ചരിത്രപരമായ പശ്ചാത്തലവും ഉദ്ഘാടനത്തിന്റെ പരമ്പരാഗത രീതികളും വിശദീകരിച്ചു.

''വിജയനഗര സാമ്രാജ്യകാലത്താണ് ദസറ ഉത്സവം ആരംഭിച്ചത്. പിന്നീട് ഹൈദര്‍ അലിയും ടിപ്പു സുല്‍ത്താനും ഏകദേശം 18 വര്‍ഷത്തോളം ഈ ആഘോഷങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. 1974 മുതല്‍ സര്‍ക്കാരാണ് ദസറ ആഘോഷങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. നിരവധി പ്രമുഖ എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഇതിനകം ദസറ ഉദ്ഘാടനം ചെയ്തിട്ടുണ്ട്''-തന്‍വീര്‍ സേട്ട് പറഞ്ഞു.

''എഴുത്തുകാരന്‍ നിസാര്‍ അഹമ്മദ് മുതല്‍ നിരീശ്വരവാദിയായ ബരഗുരു രാമചന്ദ്രപ്പ വരെ ദസറ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. 'ഞാന്‍ പൂജ നടത്തില്ല' എന്ന് രാമചന്ദ്രപ്പ വ്യക്തമാക്കിയിരുന്നുവെങ്കിലും, ആ സമയത്ത് അത് അംഗീകരിക്കപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ക്ഷണം മുഖ്യമായും വ്യക്തിയുടെ സംഭാവനകള്‍ക്കും നേട്ടങ്ങള്‍ക്കും ബഹുമാനമാണ്, മതത്തിനോ ജാതിക്കോ ഇതില്‍ ഇടമില്ല'' എന്നും തന്‍വീര്‍ സേട്ട് വിശദീകരിച്ചു.

അതേസമയം, മുന്‍മന്ത്രി കെ എസ് ഈശ്വരപ്പ സര്‍ക്കാരിന്റെ തീരുമാനത്തോട് എതിര്‍പ്പ്പ്രകടിപ്പിച്ചില്ലെങ്കിലും, ദസറ ഉദ്ഘാടനം ചെയ്യുന്നവര്‍ ആദ്യം ചാമുണ്ഡേശ്വരി ദേവിയെ പ്രാര്‍ത്ഥിക്കണം എന്ന നിലപാട് വ്യക്തമാക്കി.

''ഹൃദയദീപ്'' എന്ന പുസ്തകത്തിനാണ് ബാനു മുഷ്താഖിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചത്. സെപ്റ്റംബര്‍ 22ന് ആരംഭിക്കുന്ന ദസറ മഹോത്സവം പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കും. വിജയദശമി ആഘോഷങ്ങള്‍ ഒക്ടോബര്‍ 2 നു നടക്കും. ജില്ലാ ഭരണകൂടം ബാനു മുഷ്താഖിന് ഔദ്യോഗിക ക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it