Latest News

നഷ്ടമായത് ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെ: ഹൈദരലി തങ്ങള്‍

സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതിസന്ധികളുടെ കുരുക്കഴിക്കാന്‍ പ്രാപ്തനായ മാധ്യസ്ഥന്‍, ധീരനായ പൊതു പ്രവര്‍ത്തകര്‍ ഇങ്ങനെ ബഹു മുഖമായ വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്നു മാണി സാര്‍.

നഷ്ടമായത് ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെ: ഹൈദരലി തങ്ങള്‍
X

മലപ്പുറം: ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെയാണ് കെ എം മാണിയുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചിച്ചു. മലയാളി പൊതു സമൂഹത്തിലും ശ്രദ്ധേയമായ ഇടം നേടിയ നേതാവായിരുന്നു അദ്ദേഹം. സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതിസന്ധികളുടെ കുരുക്കഴിക്കാന്‍ പ്രാപ്തനായ മാധ്യസ്ഥന്‍, ധീരനായ പൊതു പ്രവര്‍ത്തകര്‍ ഇങ്ങനെ ബഹു മുഖമായ വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്നു മാണി സാര്‍. കഴിഞ്ഞ അഞ്ചര പതിറ്റാണ്ട് കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കെ എം മാണിയുടെ ജീവചരിത്രം കൂടിയാണ്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു രംഗത്ത് വന്ന് കേരള രാഷ്ട്രീയത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും അതികായനായി. പലതവണ ജനപ്രതിനിധിയായി, ഭരണാധികാരിയായി. ഒരേ മണ്ഡലത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായ വ്യക്തിയെന്ന വിശേഷണവും കെ എം മാണിക്കുണ്ട്. പാല എന്ന നിയോജക മണ്ഡലം കേരള ചരിത്രത്തില്‍ അറിയപ്പെടുക തന്നെ കെ എം മാണിയുടെ പേരിലായിരിക്കും. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനകാര്യമന്ത്രിയെന്ന ബഹുമതിക്കുമുടമയാണ്. നവ കേരളത്തിന്റെ വികസന ശില്‍പികളില്‍ പ്രമുഖനായ കെ എം മാണി കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെ കേരളത്തില്‍ സാമൂഹിക പരിഷ്‌കരണത്തിന് വഴി വെച്ച അനേകം പദ്ധതികള്‍ തന്റെ ബജറ്റിലൂടെ കൊണ്ടു വരാനും നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

മുഖ്യമന്ത്രിമാര്‍ ആരായിരുന്നാലും എത്ര തലയെടുപ്പുള്ള മന്ത്രിമാര്‍ സഭയിലുണ്ടായിരുന്നാലും ആ സഭയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി ഉയര്‍ന്നു നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കെ എം മാണിയുടെ നിലപാടുകളും സമീപനങ്ങളും അത് എന്തുതന്നെയായിരുന്നാലും കേരളം എപ്പോഴും ശ്രദ്ധയോടെ കാതോര്‍ത്തിരുന്നു.

കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിലും വിപുലമാക്കുന്നതിലും വലിയ പങ്കുവഹിച്ചു അദ്ദേഹം. കേരളത്തിലെ ഉന്നതരായ അനേകം രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പവും പ്രമുഖരായ മുഖ്യമന്ത്രിമാര്‍ക്കൊപ്പവും സഭക്കുള്ളില്‍ ഭരണത്തിലും പ്രതിപക്ഷത്തുമായി കെ.എം. മാണി നടത്തിയിട്ടുള്ള ഇടപെടലുകളും ഭരണ നിര്‍വഹണവും കേരള രാഷ്ട്രീയ ചരിത്രം എക്കാലവും സ്മരിക്കും.

മത മൈത്രി ഊട്ടിയുറപ്പിക്കുന്നതിലും സമാധാന പൂര്‍ണമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും എന്നും മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. മുസ്‌ലിം ലീഗുമായി ഉറ്റ ബന്ധം പുലര്‍ത്തിപ്പോന്ന കെ എം മാണി പാണക്കാട് കുടുംബവുമായി പ്രത്യേകിച്ച് പരേതനായ ജ്യേഷ്ട സഹോദരന്‍ മുഹമ്മദലി ശിഹാബ് തങ്ങളുമായി വലിയ ആത്മ ബന്ധമാണ് സൂക്ഷിച്ചിരുന്നത്. കേരള രാഷ്ട്രീയത്തില്‍ ഇതിഹാസ തുല്യമായ ജീവിതം നയിച്ച കെ.എം മാണിയുടെ ഭരണ നൈപുണ്യവും വ്യക്തി സ്വാധീനവും ചരിത്രത്തില്‍ എന്നും ജ്വലിച്ചു നില്‍ക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it