Latest News

കൊവിഡ് 19: ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കാത്ത മധ്യപ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍

കൊവിഡ് 19: ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കാത്ത മധ്യപ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍
X

ഭോപാല്‍: കൊവിഡ് 19 രോഗികളുമായോ രോഗസാധ്യതയുള്ളവരുമായോ സമ്പര്‍ക്കത്തിലായശേഷവും പൊതുവിടങ്ങളില്‍ എത്തുകയും സര്‍ക്കാര്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത മധ്യപ്രദേശിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ് അയച്ചു. മധ്യപ്രദേശ് ആരോഗ്യവകുപ്പിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള നാല്‍പ്പതോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.

കൊറോണ പോസറ്റീവ് ആയവരില്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയ്ന്‍ ഗോവിലും ഹെല്‍ത്ത് കോര്‍പ്പറേഷനലെ എംഡി ജെ വിജയകുമാറും ആരോഗ്യവകുപ്പിലെ അഡി. ഡയറക്ടര്‍ ഡോ. വീണ സിന്‍ഹയും ഉള്‍പ്പെടുന്നു.

പല്ലവി ജെയ്ന്‍ ഗോവിലിനെ പോലുള്ളവരാണ് തന്റെ ശക്തിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വിശേഷിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥയാണ് കൊവിഡ് രോഗം ബാധിച്ച വിവരം മറച്ചുവച്ച് ജോലിക്കെത്തിയതിന്റെ പേരില്‍ ഏറ്റവും വിമര്‍ശനം നേരിടുന്നത്. മകന്‍ വിദേശത്തുനിന്ന് എത്തിയ വിവരം ഇവര്‍ മറച്ചുവയ്ക്കുക മാത്രമല്ല, ഐസൊലേഷനില്‍ പാര്‍പ്പിക്കുകയും ചെയ്തില്ല. അതിനു ശേഷം മുഖ്യമന്ത്രിയടക്കം ഉള്‍പ്പെട്ട നിരവധി യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തു.

കോണ്‍ഗ്രസ്സ് എംപി വിവേക് തന്‍ഖയുടെ ട്വീറ്റ് വഴിയാണ് ഈ വിവരങ്ങള്‍ പൊതുജനശ്രദ്ധയിലെത്തുന്നത്. കൊവിഡ് ഗൈഡ്‌ലൈന്‍ എല്ലാവര്‍ക്കും ബാധകമാണെന്നും പണക്കാരനും പാവപ്പെട്ടവനും അധികാരമുള്ളവരും അധികാരമില്ലാത്തവരും എല്ലാം അനുസരിച്ചേ തീരൂവെന്നും അദ്ദേഹം എഴുതി.

വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നോട്ടിസ് അയച്ചു. എന്തുകൊണ്ടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതെന്ന് കമ്മീഷന്‍ ആരാഞ്ഞു.

എന്നാല്‍ ചീഫ് സെക്രട്ടറി എല്ലാ ആരോപിതരെയും ന്യായീകരിച്ചു. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മകന് കൊവിഡ് ഇല്ലെന്നും ലക്ഷണങ്ങള്‍ ഇല്ലാത്തതിനാലാണ് പല്ലവി ജെയ്ന്‍ യോഗത്തിനെത്തിയതെന്നും അദ്ദേഹം അറിയിച്ചു. അവരുടെ മകന്‍ അമേരിക്കയില്‍ നിന്നാണ് എത്തിയതെന്നും ഐസൊലേഷന്‍ നിര്‍ദേശിച്ച പന്ത്രണ്ട് രാജ്യങ്ങളില്‍ ആ സമയത്ത് അമേരിക്കയില്ലായിരുന്നെന്നും അദ്ദേഹം മറുപടി നല്‍കി. അതേസമയം 30ാം തിയ്യതി വരെ എയര്‍പോര്‍ട്ട് അധികൃതര്‍ മകന് ഐസൊലേഷന്‍ നിര്‍ദേശിച്ചുവെന്നും അദ്ദേഹം അറിയിച്ചു. മകന്‍ ഐസൊലേഷനിലായ സമയത്തും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പല്ലവി ജെയ്ന്‍ ഗോവില്‍ മകനൊപ്പം താമസിക്കുകയും പ്രധാന യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

നിലവില്‍ സംസ്ഥാനത്തെ 14 മുതിര്‍ന്ന ഐഎഎസ്സ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലാണ്.

Next Story

RELATED STORIES

Share it