Latest News

പോലിസുകാരെ ഹണിട്രാപ്പില്‍ കുടുക്കുന്നു; കൊല്ലം റൂറല്‍ പോലിസ് എസ്.ഐയുടെ പരാതിയില്‍ കേസെടുത്തു

ആരോപണങ്ങള്‍ നിഷേധിച്ച് യുവതി രംഗത്തെത്തി. ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ്‌ഐ തന്നെയാണ്. ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്ത്താന്‍ തന്നോട് ആവശ്യപ്പെട്ടെന്നും അഞ്ചല്‍ സ്വദേശിയായ യുവതി പറഞ്ഞു.

പോലിസുകാരെ ഹണിട്രാപ്പില്‍ കുടുക്കുന്നു; കൊല്ലം റൂറല്‍ പോലിസ് എസ്.ഐയുടെ പരാതിയില്‍ കേസെടുത്തു
X

തിരുവനന്തപുരം: പോലിസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ പോലിസ് കേസെടുത്തു. തിരുവനന്തപുരം പാങ്ങോട് പോലിസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ പോലിസിലെ എസ്.ഐ ആണ് പരാതി നല്‍കിയത്. എസ്‌ഐയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. കൂടുതല്‍ പോലിസുകാര്‍ ഹണിട്രാപ്പ് കെണിയില്‍ കുടുങ്ങിയതായാണ് വിവരം. ഫേസ്ബുക്കിലൂടെയാണ് യുവതി പോലിസുകാരുമായി സൗഹൃദം സ്ഥാപിച്ചതെന്നാണ് സൂചന.

ഹൈടെക് സെല്ലിന്റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പോലിസുകാര്‍ക്ക്് ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ട്.

എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് യുവതി രംഗത്തെത്തി. ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ്‌ഐ തന്നെയാണ്. ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്ത്താന്‍ തന്നോട് ആവശ്യപ്പെട്ടു. സസ്‌പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമാണ് കാരണം. താന്‍ ആരെയും ഹണിട്രാപ്പ് ചെയ്തിട്ടില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

യുവതിയുടെ പരാതിയില്‍ നേരത്തെ അച്ചടക്ക നടപടി നേരിട്ട എസ്‌ഐയാണ് പരാതി നല്‍കിയത്. ഹണിട്രാപ്പിന്റെ അന്വേഷണം നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് തിരുവനന്തപുരം റൂറല്‍ എസ്പി കൈമാറി. പരാതിക്കാരനായ എസ്‌ഐക്കെതിരെ ഇപ്പോള്‍ പ്രതിയായ യുവതി നേരത്തെ ബാലാല്‍സംഗത്തിന് കേസ് നല്‍കിയിരുന്നു. അന്ന് തുമ്പ സ്‌റ്റേഷനിലെ എസ്‌ഐയായിരുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. പിന്നീട് ഈ കേസ് യുവതി തന്നെ പിന്‍വലിച്ചു.

പോലിസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഒരു യുവതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവമാധ്യങ്ങളില്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചും പോലിസ് ആസ്ഥാന എഡിജിപിയും രഹസ്യാന്വേഷണം നടത്തിയിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന ഒരു യുവതി നിരവധി പോലിസുകാരെ ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തി. സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിയിലേക്ക് കാര്യങ്ങള്‍ മാറുകയാണെന്നായിരുന്നു കണ്ടെത്തല്‍. പോലിസുകാരുടെ വീടുകളില്‍ പോലും പോയി ഭീഷണിമുഴക്കിയെന്നും റിപോര്‍ട്ടുകളുമുണ്ട്.


Next Story

RELATED STORIES

Share it