Latest News

പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള സ്മാരകങ്ങളിലെ 'ഹിന്ദുക്ഷേത്രങ്ങള്‍' ആരാധനക്ക് തുറന്നുകൊടുത്തേക്കും; നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള സ്മാരകങ്ങളിലെ ഹിന്ദുക്ഷേത്രങ്ങള്‍ ആരാധനക്ക് തുറന്നുകൊടുത്തേക്കും; നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഖുത്തബ് മിനാര്‍, ഗ്യാന്‍വാപി മസ്ജിദ് വിവാദം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള സ്മാരകങ്ങളിലെ 'ഹിന്ദു ക്ഷേത്രങ്ങള്‍' തുറന്നുകൊടുക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ത്തന്നെ ബില്ല് അവതരിപ്പിക്കാനാണ് നീക്കം.

പുരാവസ്തു സ്മാരകങ്ങളും കേന്ദ്രങ്ങളും അവശിഷ്ടങ്ങളും നിയമം 1958 നിയമത്തില്‍ ഭേദഗതി കൊണ്ടുവരികയാണ് ലക്ഷ്യം. അതിനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

'പുരാതനവും ചരിത്രപരവുമായ സ്മാരകങ്ങള്‍, ശില്‍പ കൊത്തുപണികള്‍, മറ്റ് സമാന വസ്തുക്കള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, അവശിഷ്ടങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടണമെന്നും പുരാവസ്തു ഖനനങ്ങള്‍ നിയന്ത്രിക്കണമെന്നും അതിന് ദേശീയ പ്രാധാന്യമുണ്ടെന്നും പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പുരാവസ്തു സ്മാരകങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. .

ഏതാനും ദിവസം മുമ്പ് ജമ്മു കശ്മീര്‍ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എട്ടാം നൂറ്റാണ്ടിലെ മാര്‍ത്താണ്ഡ ക്ഷേത്രത്തില്‍നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ദേശീയ സ്മാരകവും സംരക്ഷിതകേന്ദ്രവുമാണ് ഇത്.

ക്ഷേത്രത്തിലെ നവഗ്രഹ അഷ്ടമംഗല്യ പൂജയിലും അദ്ദേഹം പങ്കെടുത്തു. മാര്‍ത്താണ്ഡ ക്ഷേത്രത്തില്‍ മതച്ചടങ്ങുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കശ്മീരിലെ ഷാ മിരി രാജവംശത്തിലെ ആറാമത്തെ സുല്‍ത്താനായിരുന്ന സിക്കന്ദര്‍ ഷാ മിരിയാണ് മാര്‍ത്താണ്ഡ സൂര്യക്ഷേത്രം നശിപ്പിച്ചതെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഭൂകമ്പങ്ങള്‍ പോലുളള പ്രകൃതി ദുരന്തങ്ങള്‍ സൂര്യക്ഷേത്രത്തിന്റെ ഘടനയില്‍ വലിയ മാറ്റംവരുത്തുകയും പല ഭാഗങ്ങളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കോട്ടകളിലും മറ്റ് പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രങ്ങള്‍ നശിച്ചുപോവുകയാണെന്നും 'അവ സംരക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗം ആ കെട്ടിടങ്ങളില്‍ മതപരമായ പരിപാടികള്‍ പുനരാരംഭിക്കുകയാണെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുകയാണെങ്കിലും അവയ്ക്കുള്ളിലെ ക്ഷേത്രങ്ങള്‍ നശിക്കുകയാണ്. മതപരമായ പരിപാടികള്‍ പുനരാരംഭിച്ചും പ്രദേശവാസികളെ ഉള്‍പ്പെടുത്തിയും മാത്രമേ ക്ഷേത്രങ്ങള്‍ പുനഃസ്ഥാപിക്കാനും പരിപാലിക്കാനും കഴിയൂ. ചില ഹിന്ദു ഭരണാധികാരികളുടെ കോട്ടകളില്‍ അത്തരം ക്ഷേത്രങ്ങള്‍ നിലവിലുണ്ടെന്നും പുനരുദ്ധാരണം അനിവാര്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it