Latest News

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക ഹിന്ദു കാര്‍ഡുമായി ബിജെപി

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക ഹിന്ദു കാര്‍ഡുമായി ബിജെപി
X

കൊല്‍ക്കത്ത: വോട്ടര്‍പട്ടികയില്‍നിന്നും പുറത്തായേക്കാവുന്ന ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാന്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പ്രത്യേക ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപോര്‍ട്ട്. ബിജെപിയുടെ എംഎല്‍എമാരും എംപിമാരുമാണ് ഇത്തരം ക്യാംപുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൊല്‍ക്കത്തയില്‍നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള മതുവ പ്രദേശത്തെ താക്കൂര്‍ നഗറിലാണ് ഒരു ക്യാംപ് പ്രവര്‍ത്തിക്കുന്നത്. ബിജെപി എംഎല്‍എ സുബ്രത താക്കൂറിന്റെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ മതുവ മഹാസഭ എന്ന സംഘടനയാണ് ഈ ക്യാംപ് നടത്തുന്നത്. ഇവിടെ വരുന്ന ഹിന്ദുക്കള്‍ക്ക് ഹിന്ദു അല്ലെങ്കില്‍ മതുവ കാര്‍ഡുകളാണ് നല്‍കുന്നത്.


കിഴക്കന്‍ ബംഗ്ലാദേശുകാരായ മതുവകള്‍ 1950ന് ശേഷമാണ് പശ്ചിമ ബംഗാളിലേക്ക് കുടിയേറാന്‍ തുടങ്ങിയത്. 20 വര്‍ഷത്തിന് ശേഷം അവര്‍ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി വിഭാഗമായി മാറി. ഹൗറ, കൂച്ച് ബിഹാര്‍, സൗത്ത് ദിനാജ്പൂര്‍, മാള്‍ഡ തുടങ്ങിയ അതിര്‍ത്തി ജില്ലകള്‍ക്ക് പുറമെ 24 പര്‍ഗാനാസിലും നാദിയയിലുമാണ് അവര്‍ കൂടുതലുള്ളത്. സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാരില്‍ ഏകദേശം 17 ശതമാനം വരും മതുവകള്‍. 30 നിയമസഭാ സീറ്റുകളില്‍ അവര്‍ക്ക് സ്വാധീനമുണ്ട്.


താക്കൂര്‍ നഗറിലെ ക്യാംപില്‍ നിരവധി പേരാണ് ഹിന്ദു അല്ലെങ്കില്‍ മതുവ കാര്‍ഡിനായി എത്തുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം അഥവാ സിഎഎ പ്രകാരം മതുവകള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാനാണ് ഹിന്ദു, മതുവ കാര്‍ഡുകള്‍ നല്‍കുന്നത്. പൗരത്വ നിയമഭേദഗതി പ്രകാരം ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം ലഭിക്കുക. അതിനാല്‍ തന്നെ ബംഗ്ലാദേശില്‍നിന്നുള്ള മതുവകള്‍ സിഎഎയില്‍ ഉള്‍പ്പെടുന്നു. ഹിന്ദു കാര്‍ഡുകള്‍ ഹിന്ദു സംഘടനകളാണ് നല്‍കുകയെന്നും മതുവ കാര്‍ഡുകള്‍ മതുവ മഹാസഭ നല്‍കുമെന്നും ബിജെപി എംഎല്‍എ സുബ്രത താക്കൂര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ വോട്ടര്‍പട്ടികയില്‍ തീവ്രപരിഷ്‌കരണം നടത്തിയതിനാല്‍ മതുവകള്‍ ഭയത്തിലാണ്. 1970ല്‍ പിതാവിനൊപ്പം ബംഗ്ലാദേശിലെ ഖുല്‍നയില്‍നിന്ന് ഇന്ത്യയിലെത്തിയ താന്‍ മതുവ കാര്‍ഡ് എടുത്തതായി 67 കാരനായ കമല്‍ ചന്ദ്ര മൊണ്ടോള്‍ പറഞ്ഞു. ബിഹാറിന്റെ പശ്ചാത്തലത്തില്‍ റിസ്‌ക് എടുക്കാനാവില്ലെന്നാണ് മൊണ്ടോള്‍ പറയുന്നത്. അതിനാല്‍ തന്നെ ഹിന്ദു കാര്‍ഡും അയാള്‍ എടുക്കുന്നു.

പശ്ചിമബംഗാളില്‍ വോട്ടവകാശവും റേഷന്‍കാര്‍ഡുകളും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളുമുള്ള മതുവകള്‍ ആദ്യം സിഎഎയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സിഎഎയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് തങ്ങള്‍ വിദേശികളാണെന്ന് വരുത്തിതീര്‍ക്കുമെന്നായിരുന്നു അവരുടെ ഭയം. എന്നാല്‍, ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം അവരെ സിഎഎയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ''എന്റെ വോട്ടവകാശം നഷ്ടപ്പെടുത്താനോ എന്തെങ്കിലും കുഴപ്പത്തില്‍ അകപ്പെടാനോ ആഗ്രഹിക്കുന്നില്ല.''-മൊണ്ടോള്‍ പറഞ്ഞു.

കൊല്‍ക്കത്തയിലെ രാജര്‍ഹട്ട്-ന്യൂടൗണില്‍ നിന്നുള്ള 62 കാരനായ സാധന്‍ ചന്ദ്ര സര്‍ക്കാരും താക്കൂര്‍ നഗറിലെ ക്യാംപിലെത്തി. ബംഗ്ലാദേശിലെ ഖുല്‍ന സ്വദേശിയാണെങ്കിലും 2009ലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 'എനിക്ക് ഇന്ത്യയുടെ ശരിയായ പൗരത്വ രേഖയില്ല. സിഎഎയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹിന്ദു കാര്‍ഡിനായാണ് വന്നിരിക്കുന്നത്'' -സാധന്‍ ചന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

40 കിലോമീറ്റര്‍ അകലെയുള്ള ബരാസത്തില്‍ നിന്നുള്ള 21കാരിയായ ചിത്ര പിതാവിന് മതുവ കാര്‍ഡ് എടുക്കാനാണ് താക്കൂര്‍ നഗര്‍ ക്യാംപില്‍ എത്തിയത്. ''അച്ഛന്റെ കാര്‍ഡ് ഉണ്ടാക്കിയ ശേഷം, ഞങ്ങള്‍ അമ്മയുടെയും എന്റെയും കാര്‍ഡ് ഉണ്ടാക്കും. അത് ഇന്ത്യന്‍ പൗരത്വം നേടാന്‍ സഹായിക്കും''-ചിത്ര പറയുന്നു. കേരളത്തില്‍ കുടിയേറ്റ തൊഴിലാളിയായി കഴിയുന്ന ബംഗ്ലാദേശിയുടെ ഭാര്യയായ ബിതിക കിര്‍ത്താനിയയും മതുവ കാര്‍ഡും ഹിന്ദു കാര്‍ഡും എടുക്കാന്‍ ക്യാംപിലെത്തി.

വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണമാണ് ക്യാംപിലെ തിരക്കിന് കാരണമെന്ന് ബിജെപി എംഎല്‍എ സുബ്രത താക്കൂര്‍ സമ്മതിക്കുന്നുണ്ട്. അതിനാല്‍ മതുവ കാര്‍ഡും ഹിന്ദു കാര്‍ഡും നല്‍കി ഭയം ഇല്ലാതാക്കുകയാണ്. സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍നിന്നും സത്യവാങ്മൂലം സ്വീകരിക്കുന്ന ക്യാംപ് ഉടന്‍ ആരംഭിക്കുമെന്നും സുബ്രത താക്കൂര്‍ പറയുന്നു.

''തുടക്കത്തില്‍, ആളുകള്‍ സിഎഎയില്‍ അധികം താല്‍പ്പര്യം കാണിച്ചില്ല എന്നത് ശരിയാണ്. പക്ഷേ, ആളുകള്‍ അവരുടെ വോട്ടവകാശം നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഇത്രയും അധികം പേര്‍ ഇപ്പോള്‍ വരുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍, 16,000ത്തില്‍ അധികം ആളുകള്‍ എത്തി''-സുബ്രത താക്കൂര്‍ വിശദീകരിച്ചു.

ആളുകള്‍ ആധാര്‍ കാര്‍ഡിന്റെയോ മറ്റു രേഖകളുടേയോ പകര്‍പ്പുകളും ഫോട്ടോകളും ഫോമുകളും പൂരിപ്പിച്ച് നല്‍കുമെന്നും അവ പരിശോധിച്ചാണ് ഹിന്ദു കാര്‍ഡുകള്‍ നല്‍കുകയെന്നും ക്യാംപിലെ വളണ്ടിയറായ സമീര്‍ ബിശ്വാസ് പറയുന്നു. ബംഗ്ലാദേശിലെ തങ്ങളുടെ പ്രവര്‍ത്തകരുമായി ചേര്‍ന്നാണ് രേഖകള്‍ പരിശോധിക്കുകയെന്നും സമീര്‍ ബിശ്വാസ് വിശദീകരിച്ചു.

വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരേ ബംഗാള്‍ സര്‍ക്കാരും മറ്റു പാര്‍ട്ടികളും നിലപാട് എടുത്തതോടെ ബിജെപി നേതാക്കളും എംപിമാരും വിവിധ പ്രദേശങ്ങളില്‍ സിഎഎ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്. റാണഘട്ട് എംപി ജഗന്നാഥ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ജഗന്നാഥ് സര്‍ക്കാരിന്റെ ശാന്തിപൂരിലെ ഓഫില്‍ ഇതിനായി മൂന്നുവളണ്ടിയര്‍മാരെ നിയമിച്ച് സിഎഎ അപേക്ഷകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ ആളുകളെ സഹായിക്കുന്നു. വോട്ടര്‍ പട്ടിക പരിഷ്‌കരണം ഹിന്ദുക്കളിലുണ്ടാക്കിയ ആശങ്കകള്‍ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ നയപരവും പ്രായോഗികവുമായ പിന്തുണയുണ്ട്. പക്ഷേ, ബിഹാറിലെ വോട്ടര്‍ പട്ടികയില്‍നിന്നും പുറത്തായ മുസ്‌ലിംകളും ഇനി ബംഗ്ലാദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും പുറത്താവാനിരിക്കുന്നവരും എന്തു ചെയ്യുമെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it