Latest News

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: മുഖ്യപ്രതികള്‍ക്കെതിരേ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്

ഇതിനിടെ, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുക.

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: മുഖ്യപ്രതികള്‍ക്കെതിരേ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്
X

തൃശൂര്‍: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇഡി പുറത്തിറക്കി. കേസിലെ മുഖ്യപ്രതികളായ ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിനാണ് ഇഡി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ, ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുക. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കേസിലെ വാദം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഇരുവരെയും പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ഇഡി. ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും 2300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്നുമാണ് ഇഡി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. പ്രതികള്‍ക്കെതിരേ വിവിധ ജില്ലകളില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത 19 കേസുകളുടെ വിശദാംശങ്ങളും ഇഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാനായി 850 കോടി രൂപ വിദേശത്തെത്തിച്ചതടക്കം ഗുരുതര സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്നാണ് ഇഡി കണ്ടെത്തല്‍. നേരത്തേ കമ്പനി ഉടമകളുടെ 212 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

അതിനിടെ, സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ രംഗത്തെത്തി. സംസ്ഥാന പോലിസ് പ്രതികള്‍ക്ക് കവചമൊരുക്കുകയാണെന്ന് അനില്‍ അക്കരെ ആരോപിച്ചു. ബഡ്‌സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ മരവിപ്പിച്ച ശേഷവും ഇടപാടുകള്‍ നടന്നതായി നിക്ഷേപകര്‍ പറയുന്നു.

മണിചെയിന്‍ മാതൃകയില്‍ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും 1.83 കോടി ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. 10000 രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. എച്ച് ആര്‍ ക്രിപ്‌റ്റോ കോയിന്‍ ഇറക്കിയും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്‌റ്റോ കോയിനിറക്കി. ബിറ്റ് കോയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതിന് ആര്‍ബിഐയുടെ അനുമതിയില്ലായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ആദ്യം ജിഎസ് ടി വെട്ടിപ്പ് നടത്തിയതിനാണ് ഉടമ പ്രതാപനെ അറസ്റ്റ് ചെയ്തത്. പിന്നീട് കഴിഞ്ഞ മാസം ഏഴിന് തൃശൂര്‍ ജില്ലാ കലക്ടര്‍ ബഡ്‌സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ ജപ്തി ചെയ്യാനുള്ള ഉത്തരവിട്ടു.

Next Story

RELATED STORIES

Share it