Latest News

ഹവാല പണമിടപാട്: സുരേന്ദ്രന്റെ നിയമനടപടി ഭീഷണി വിലപ്പോവില്ല; 'ദേശീയ പാര്‍ട്ടി' നേതാക്കള്‍ കുടുങ്ങും

കെ സുരേന്ദ്രന്‍ വിഭാഗത്തിലെ മറ്റൊരു സംഘമാണ് പണം തട്ടിയതെന്ന് ഇഡിക്ക് പരാതി നല്‍കിയ സലീം മടവൂര്‍

ഹവാല പണമിടപാട്:  സുരേന്ദ്രന്റെ നിയമനടപടി ഭീഷണി വിലപ്പോവില്ല; ദേശീയ പാര്‍ട്ടി നേതാക്കള്‍ കുടുങ്ങും
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് വന്ന കോടികളുടെ ഹവാല പണം പാതിവഴിയില്‍ തട്ടിയെടുത്ത കേസില്‍ 'ദേശീയ പാര്‍ട്ടി' നേതാക്കള്‍ കുടുങ്ങും. തൃശ്ശൂര്‍ കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട കള്ളപ്പണം ബിജെപിയുടേതാണെന്ന് പോലിസ് വെളിപ്പെടുത്തലോടെ തെളിഞ്ഞിരിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട ധര്‍മരാജന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. കള്ളപ്പണ ഇടപാട് നടത്തുന്ന ധര്‍മരാജന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ തൃശ്ശൂര്‍ റൂറല്‍ എസ്പി എസ് പൂങ്കുഴലി ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം പോലിസ് ചോദ്യം ചെയ്ത, യുവമോര്‍ച്ച മുന്‍ സംസ്ഥാന ഖജാന്‍ജി സുനില്‍ നായിക്കുമാണ് ഹവാല പണം കടത്തിന് ചുക്കാന്‍ പിടിച്ചത്. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരിക്കെ, സുനില്‍ നായിക്ക് അതേ കമ്മിറ്റിയില്‍ ഖജാന്‍ജിയായിരുന്നു. ഇതോടെ, ബിജെപിക്ക് ഹവാല പണത്തില്‍ ബന്ധമില്ലെന്ന കെ സുരേന്ദ്രന്റെ വാദം പൊളിയുകയാണ്. കേസ് സംഘപരിവാറിനെതിരേ തിരിഞ്ഞതോടെയാണ്,നിയമ നടപടി ഭീഷണിയുമായി കെ സുരേന്ദ്രനും ബിജെപി നേതാക്കളും രംഗത്തെത്തിയത്.



തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഏപ്രില്‍ മൂന്നിന് അബ്കാരി ധര്‍മ്മരാജന്‍ കൊടുത്തയച്ച ഹവാല പണമാണ് തട്ടിയെടുക്കപ്പെടുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിലെ മറ്റൊരു സംഘമാണ് പണം തട്ടിയതെന്നാണ് കരുതുന്നതെന്ന് ഹവാല ഇടപാടില്‍ ഡല്‍ഹി ഇഡിക്ക് പരാതി നല്‍കിയ എല്‍ജെഡി നേതാവ് സലീം മടവൂര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ മംഗലാപുരത്ത്് വന്നതിന്റെ പിറ്റേദിവസമാണ് കേരളത്തിലേക്ക് ഹവാല പണം എത്തുന്നത്. സുരേന്ദ്രന്‍ വിഭാഗത്തിനാണ് ഈ പണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നത്. മംഗലാപുരത്ത്് നിന്ന് കോഴിക്കോട് വഴി എറണാകുളത്തേക്ക് കൊണ്ടുവന്ന 10 കോടി രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും അടുപ്പക്കാരനാണ് ധര്‍മരാജനും നായിക്കും. ബിജെപി നേതാക്കളുടെ ബിനാമി ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ധര്‍മരാജനാണ്. അവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ അടുപ്പവുമുണ്ട്. ഏപ്രില്‍ മൂന്നിന് പണം തട്ടിയെന്നറിഞ്ഞിട്ടും ധര്‍മരാജന്‍ പരാതി കൊടുക്കുന്നത് വോട്ടെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ ഏഴിനാണ്. പണം നഷ്ടപ്പെട്ടു എന്നതിന് തെളിവുണ്ടാക്കാനാണ് ധര്‍മരാജന്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന് കാട്ടി കൊടകര പോലിസില്‍ പരാതിപ്പെട്ടതെന്നും പരാതിക്കാരനായ സലിം മടവൂര്‍ പറഞ്ഞു.

പക്ഷേ, 25 ലക്ഷത്തേക്കാള്‍ അധികം തുക, ഇപ്പോള്‍ പിടിക്കപ്പെട്ട കൊടകര സ്വദേശി ബാബുവില്‍ നിന്ന് തന്നെ ലഭിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്പി പൂങ്കുഴലി വെളിപ്പെടുത്തികഴിഞ്ഞു. 23 ലക്ഷം രൂപ പണമായും ആറു ലക്ഷം രൂപക്ക് ബാബു സ്വര്‍ണപ്പണയമെടുത്തതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. പണം ലഭിക്കാതെ പോയവരാണ് മാധ്യമപ്രവര്‍ത്തര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയത്. എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭിക്കാതെ വന്നതോടെ, പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. മുതിര്‍ന്ന ബിജെപി നേതാക്കളും പോലിസ് ഉന്നതരും ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ പലവട്ടം ശ്രമം നടന്നതായും ബിജെപിയിലെ സുരേന്ദ്ര വിരുദ്ധ പക്ഷത്തിന്റെ ഇടപെടാണ് അതിന് തടസ്സമെന്നും സലിം മടവൂര്‍ പറഞ്ഞു.

പണം എത്ര, എവിടേക്ക്, ആര്‍ക്കാണ് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്. മാത്രവുമല്ല, തിരഞ്ഞെടുപ്പ് കമ്മീഷന് ഇതു സംബന്ധിച്ച് കൃത്യമായ വിവരം പോലിസിനും നല്‍കേണ്ടതുമുണ്ട്. അതിനിടെ, ഹവാല പണം ഏതു പാര്‍ട്ടിക്കാണ് വന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും ഡിജിപി ലോക് നാഥ് ബഹ്‌റ ഇതുവരെ വിവരം കൈമാറിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ, ഹവാല പണിമിടപാട് സംസ്ഥാന ബിജെപിയില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കും.



സലിം മടവൂരിന്റെ പ്രസ്താവന

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് മുഖാന്തിരമേ പണം വിനിയോഗിക്കാവൂ എന്നിരിക്കെ, ബിജെപി എല്ലാ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടേയും ലംഘനമാണ് നടത്തിയിരുക്കുന്നത്. തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തില്‍ എറണാകുളം ജില്ലക്ക് മാത്രമായി മൂന്നര കോടി നല്‍കുന്നുവെങ്കില്‍ കേരളത്തിലെ മറ്റ് 13 ജില്ലകളിലേക്ക് എത്ര കോടിയാവും വന്നിട്ടുണ്ടാവുക. അബ്കാരി ധര്‍മരാജന്റെ ഡ്രൈവറുടെ സുഹൃത്താണ് പണം സംബന്ധിച്ച് വിവരം നല്‍കിയത്. ഒത്തുതീര്‍പ്പിലൂടെ സമാന്തര തിരക്കഥയുണ്ടാക്കി സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമം പരാജയപ്പെടുത്തിയത് പോലിസാണ്. അഴിമതിയിലൂടെ സ്വരൂപിച്ച കള്ളപ്പണം ഉപയോഗിച്ച് കേരളത്തിലെ ജനാധിപത്യത്തെ വിലക്കെടുക്കാനുള്ള ബിജെപി ശ്രമത്തിന് ദൈവം നല്‍കിയ തിരിച്ചടിയാണിത്. ബിജെപി നേതാക്കള്‍ രാജ്യദ്രോഹപ്രവര്‍ത്തനമാണ് നടത്തുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ബിജെപിയെ കണ്ടാല്‍ നില്‍ക്കും കുതിരയാകരുതെന്നും സലിം മടവൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it