Big stories

ഗ്യാന്‍വാപി മസ്ജിദ്: മുസ്‌ലിംകള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്‍ ഇന്ത്യ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ്

ഗ്യാന്‍വാപി മസ്ജിദ്: മുസ്‌ലിംകള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്‍ ഇന്ത്യ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ്
X

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിനെതിരേയുള്ള ഹിന്ദുത്വശക്തികളുടെ നീക്കങ്ങളില്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് പിന്തുണയും നിയമസഹായവും വാഗ്ദാനം ചെയ്ത് ഓള്‍ ഇന്ത്യ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ്. മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദുത്വസംഘടനകളുടെ അവകാശവാദം.

വിഷയം കോടതിയുടെ പരിഗണനയിലാണെന്നതുകൊണ്ട് എല്ലാ തരം നിയമസഹായവും ലഭ്യമാക്കുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. അതിനുവേണ്ടി നിയമവിദഗ്ധരുടെ സംഘത്തെയും സജ്ജമാക്കും.

രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനമെടുത്തത്. ബോര്‍ഡിലെ 45 അംഗങ്ങള്‍ യോഗത്തിനെത്തി.

'ചൊവ്വാഴ്ച കോടതിയില്‍ ചര്‍ച്ച ചെയ്തതും ഹാജരാക്കിയതുമായ കാര്യങ്ങള്‍ ഞങ്ങള്‍ പരിശോധിക്കും, ഞങ്ങളുടെ നിയമസംഘം മുസ്‌ലിം പക്ഷത്തിന് സഹായം നല്‍കും. അതേസമയം, ആളുകള്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ ലഘുലേഖകളിലൂടെയും പുസ്തകങ്ങളിലൂടെയും വസ്തുതകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കും'- ബോര്‍ഡ് വ്യക്തമാക്കി.

1991ലെ ആരാധനാലയ നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബോര്‍ഡ് പറഞ്ഞു. 1991ല്‍ നരസിംഹറാവു അധികാരത്തിലിരുന്ന സമയത്താണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്.

1947 ആഗസ്റ്റ് 15ന് മുമ്പ് നിലവിലുണ്ടായിരുന്ന ആരാധനാലയത്തിന്റെ മതപരമായ കാഴ്ചപ്പാട് മാറ്റുന്നത് ഈ നിയമം നിരോധിക്കുന്നു. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്നത് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ വാരാണസി കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ വീഡിയോ സര്‍വേയില്‍ 'ശിവലിംഗം' കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. അതിന്റെ വെളിച്ചത്തില്‍ പ്രദേശം മുദ്രവെക്കാനും സംരക്ഷിക്കാനും സുപ്രിം കോടതി വാരാണസി ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it