Latest News

മയക്കുമരുന്നു കടത്തുകാരുടെ ഇഷ്ട തീരമായി ഗുജറാത്ത്; കാണ്ട്‌ല തുറമുഖത്ത് 1,500 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

മയക്കുമരുന്നു കടത്തുകാരുടെ ഇഷ്ട തീരമായി ഗുജറാത്ത്; കാണ്ട്‌ല തുറമുഖത്ത് 1,500 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു
X

കാണ്ട്‌ല: ഗുജറാത്ത് തുറമുഖങ്ങള്‍ മയക്കുമരുന്നു കടത്തിന്റെ കേന്ദ്രമായി മാറുന്നു. ഇന്നലെയും ഗുജറാത്തിലെ തുറമുഖത്തുനിന്ന് മയക്കുമരുന്നു പിടിച്ചെടുത്തിട്ടുണ്ട്. അഫ്ഗാനില്‍നിന്നുളള ഏറ്റവും സൗകര്യപ്രദമായ കടത്തു കേന്ദ്രമായി ഗുജറാത്ത് മാറുന്നുണ്ടെന്ന സംശയവും രൂപപ്പെട്ടിട്ടുണ്ട്.

ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തുനിന്ന് വ്യാഴാഴ്ച ഗുജറാത്ത് എടിഎസ്സും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് 260 കിലോ ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് 1300-1500 കോടി വിലവരുമെന്ന് കണക്കാക്കപ്പെടുന്നു.

ഹെറോയിന്റെ വലിയ കണ്‍സൈന്‍മെന്റ് വരുന്നുണ്ടെന്നും അഫ്ഗാനിസ്ഥാനില്‍നിന്ന് ഇറാന്‍ വഴി കാണ്ട്‌ലയില്‍ ഇറങ്ങുമെന്നും സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് എടിഎസ് സംയുക്ത പരിശോധന നടത്തിയത്.

അഫ്ഗാനിസ്ഥാനില്‍നിന്ന് 17 കണ്ടെയ്‌നറുകളാണ് എത്തിയത്. അതില്‍നിന്ന് ഒന്നില്‍ 13 ബാഗുകള്‍ കണ്ടെത്തി. ഓരോന്നിലും 20 കിലോ ഹെറോയിന്‍ ഒളിപ്പിച്ചിരുന്നു. മറ്റ് കണ്ടെയ്‌നറുകളും പരിശോധിക്കുന്നുണ്ട്.

ഇറാനിലെ ബന്‍ഡര്‍ അബ്ബാസില്‍നിന്ന് കപ്പലില്‍ കയറ്റിയ ജിപ്‌സം പൗഡര്‍ എന്നാണ് ബാഗില്‍ എഴുതിയിരുന്നത്. ബാലാജി ട്രേഡേഴ്‌സിനുളളതായിരുന്നു കണ്‍സൈന്‍മെന്റ്.

ഗുജറാത്തിലെ 1,600 കിലോമീറ്റര്‍ വരുന്ന കടല്‍ത്തീരം മയക്കുമരുന്നു വ്യാപാരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെനിന്നാണ് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്നത്.

അദാനിയുടെ കീഴിലുള്ള മുന്‍ഡ്ര തുറമുഖത്തുനിന്ന് 2021 സപ്തംബറില്‍ 3,000 കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു. അത് ഏകദേശം 21,000 കോടി രൂപ വിലവരും.

അഫ്ഗാനില്‍നിന്നാണ് ഇവിടേക്കുള്ള മയക്കുമരുന്ന് കൊണ്ടുവരുന്നത്. അഫ്ഗാനില്‍നിന്ന് ഇറാനിലെത്തി അവിടെനിന്ന് ഇന്ത്യന്‍ തുറമുഖം. അതാണ് റൂട്ട്. ഏതാനും വര്‍ഷമായി ഗുജറാത്ത് തീരം മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമാണ്. അന്താരാഷ്ട്രമാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള കച്ചവടവും ഇതുവഴിയാണ്.

നേരത്തെ ഗുജറാത്ത് കടല്‍തീരത്തുനിന്ന് നാവികസേന 750 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.

2017നുശേഷം തീവ്രവാദവിരുദ്ധ സേന, നാവികസേന, സമുദ്രതീര സേന, മയക്കുമരുന്നു നിയന്ത്രണ ബ്യൂറോ എന്നിവര്‍ ചേര്‍ന്ന് ആകെ 30,000 കോടി മയക്കുമരുന്ന് ഗുജറാത്തില്‍ നിന്ന് പിടികൂടി.

Next Story

RELATED STORIES

Share it