Latest News

സ്വര്‍ണക്കൊള്ള തിരിച്ചടിയായി, അയ്യപ്പ സംഗമം ഫലം കണ്ടില്ല; തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത് സിപിഎം

സ്വര്‍ണക്കൊള്ള തിരിച്ചടിയായി, അയ്യപ്പ സംഗമം ഫലം കണ്ടില്ല; തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത് സിപിഎം
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ വിലയിരുത്തി സിപിഎം. ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിക്കു കാരണമായെന്ന് വിലയിരുത്തല്‍. അയ്യപ്പ സംഗമം വേണ്ട വിധത്തില്‍ ലക്ഷ്യം കണ്ടില്ല. ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും എതിരായെന്നും സംശയം. ഭരണത്തിനെതിരേയും ജനങ്ങള്‍ വോട്ടു ചെയ്തുവെന്ന് സിപിഎം വിലയിരുത്തല്‍. യുഡിഎഫിന് അനുകൂലമായി വോട്ടൊഴുകിയതും ബിജെപി വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതും അവരുടെ മാത്രം നേട്ടം കൊണ്ടല്ലെന്ന തിരിച്ചറിവാണ് തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് നല്‍കുന്നത്. ശബരിമല യുവതീ പ്രവേശന മുറിവ് ഉണക്കിയെടുക്കാന്‍ വിശ്വാസികള്‍ക്കൊപ്പം എന്ന ടാഗ് ലൈനോടെ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ന്യൂനപക്ഷ വോട്ടുകള്‍ അകന്നു പോകാനും കാരണമായതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിയില്ലെന്നും തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കൂടി പുറത്തുവന്നതോടെ വിശ്വാസികളെ അടുപ്പിക്കാനുള്ള ശ്രമവും നിഷ്ഫലമായി. സ്വര്‍ണക്കൊള്ളയില്‍ ബിജെപി ഗുണഭോക്താക്കളാവുകയും ചെയ്തു. സ്വര്‍ണക്കൊള്ള കേസില്‍ രണ്ട് പ്രമുഖ സിപിഎം നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാതെ കാണിച്ച ഒഴിഞ്ഞുമാറല്‍ അന്വേഷണത്തിനുള്ള സര്‍ക്കാരിന്റെ അവകാശവാദവും തിരിച്ചടിയായി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ മുസ്‌ലിം വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനും ലീഗിനെ ദുര്‍ബലമാക്കാനും സിപിഎം ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ രണ്ടു കാര്യങ്ങളും നടന്നില്ലെന്നു മാത്രമല്ല സിപിഎം മുസ്‌ലിം പ്രീണനം നടത്തുന്നുവെന്ന ആക്ഷേപവുമുണ്ടായി. ആവര്‍ത്തിച്ച് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തോളോട് ചേര്‍ത്തു നിര്‍ത്തിയതും ന്യൂനപക്ഷ വിഭാഗങ്ങളെ പൂര്‍ണ്ണമായി ഇടതുവിരുദ്ധ പക്ഷത്താക്കി. വരും ദിവസങ്ങളില്‍ ചേരുന്ന സിപിഐ-സിപിഎം നേതൃയോഗങ്ങളും എല്‍ഡിഎഫ് യോഗവും തോല്‍വി വിലയിരുത്തും.

Next Story

RELATED STORIES

Share it