Latest News

ഗസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാണ്; പക്ഷേ, നെതന്യാഹു ചര്‍ച്ചകള്‍ തടയുന്നു: ഹമാസ്

ഗസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാണ്; പക്ഷേ, നെതന്യാഹു ചര്‍ച്ചകള്‍ തടയുന്നു: ഹമാസ്
X

ഗസ സിറ്റി: ഗസയില്‍ സമഗ്രമായ ഒരു വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാണെന്നും എന്നാല്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനായി മനപ്പൂര്‍വം ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുകയാണന്നും ഹമാസ്.

മോചിതനായ ഫലസ്തീന്‍ തടവുകാരനും ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ മുതിര്‍ന്ന അംഗവുമായ മഹ്മൂദ് മര്‍ദാവിയാണ് ശനിയാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. ഈജിപ്തും ഖത്തറും മധ്യസ്ഥത വഹിച്ച നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചതാണ്. ഇവയ്ക്ക് അമേരിക്കയും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കായി ഒരു സംഘത്തെ അയയ്ക്കാന്‍ നെതന്യാഹു വിസമ്മതിക്കുകയും പകരം സമയം പാഴാക്കാന്‍ ലക്ഷ്യമിട്ടുള്ള പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

'സമഗ്രമായ ഒരു കരാര്‍ പൂര്‍ണമായും സാധ്യമാണ്, പക്ഷേ അത് സംഭവിക്കുന്നത് തടയുന്നത് നെതന്യാഹുവാണ്. അധിനിവേശ പ്രദേശങ്ങള്‍ക്കുള്ളില്‍ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി യുദ്ധം തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു' - മര്‍ദാവി പറഞ്ഞു.

ഇസ്രായേലി ആക്രമണം അവസാനിപ്പിക്കല്‍, ഫലസ്തീന്‍ തടവുകാരെയും ഇസ്രായേലി തടവുകാരെയും ഉള്‍പ്പെടുത്തി തടവുകാരെ കൈമാറല്‍ കരാര്‍, മാനുഷിക സഹായങ്ങളുടെ അനിയന്ത്രിതമായ പ്രവേശനം, ഫലസ്തീന്‍ നേതൃത്വത്തിലുള്ള ഒരു ചട്ടക്കൂടിനു കീഴില്‍ ഗസയുടെ പുനര്‍നിര്‍മാണം എന്നിവ ഉറപ്പാക്കുന്ന ഒരു പദ്ധതിയെക്കുറിച്ചും ഹമാസിന് യാതൊരു സംശയവുമില്ലെന്ന് മര്‍ദാവി പറഞ്ഞു.

ഗസയിലെ ക്ഷാമത്തിന് കാരണം ഐക്യരാഷ്ട്രസഭയുടെ കാലതാമസവും 'ഇസ്രായേല്‍ ഉപരോധവുമാണ്' എന്ന് ഹമാസ് കുറ്റപ്പെടുത്തുന്നു. ഗസയിലെ ചെറുത്തുനില്‍പ്പ് പോരാളികള്‍ ഇസ്രായേലി സൈനികരെയും വാഹനങ്ങളെയുമാണ് ലക്ഷ്യമിടുന്നത്.

ഗസയിലെ ക്ഷാമം കൂടുതല്‍ വഷളാക്കാന്‍ ഇസ്രായേല്‍ മനപ്പൂര്‍വം സാധാരണക്കാരെ ലക്ഷ്യം വച്ചും ഭക്ഷ്യ സംഭരണശാലകളില്‍ ബോംബിട്ടും ജലസ്രോതസ്സുകള്‍ നശിപ്പിച്ചും അധിനിവേശം നടത്തിയെന്നും മര്‍ദാവി ആരോപിച്ചു. ഇസ്രായേലി അതിക്രമങ്ങള്‍ തടയുന്നതിനും മാനുഷിക ദുരന്തം ലഘൂകരിക്കുന്നതിനും ചെറുത്തുനില്‍പ്പ് സംഘം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

നെതന്യാഹു വ്യക്തിപരമായി ചര്‍ച്ചകള്‍ തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്ത നിരവധി കേസുകള്‍ ഇസ്രായേലി മാധ്യമങ്ങള്‍ പോലും റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മര്‍ദാവി ചൂണ്ടിക്കാട്ടി. ഒരു കരാറിലെത്താനുള്ള ശ്രമങ്ങളെ, കുറഞ്ഞത് അഞ്ച് തവണയെങ്കിലും നെതന്യാഹു പാളം തെറ്റിച്ചതായി ചാനല്‍ 10 റിപോര്‍ട്ട് ചെയ്തു.

നെതന്യാഹുവിന്റെ വെടിനിര്‍ത്തല്‍ വ്യവസ്ഥകളെ 'പ്രകോപനപരമായ സന്ദേശങ്ങള്‍' എന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് അപലപിച്ചു. അതേസമയം മുന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് യെയര്‍ ഗോലാന്‍, സ്‌മോട്രിച്ചിനും ബെന്‍ ഗ്വിറിനുമൊപ്പം നെതന്യാഹു നിരന്തരം ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കുന്നുവെന്നും സൈനികരുടെയും തടവുകാരുടെയും ജീവിതത്തേക്കാള്‍ രാഷ്ട്രീയ അതിജീവനത്തെ ഉയര്‍ത്തിക്കാട്ടുന്നുവെന്നും ആരോപിച്ചു.

ഇതിനുപുറമെ, തടവുകാരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഇസ്രായേലി സൈനിക, രഹസ്യാന്വേഷണ മേധാവികള്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. പക്ഷേ, അദ്ദേഹം ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചു. ഗസയിലെ ഇസ്രായേലി തടവുകാരുടെ കുടുംബങ്ങളും ഇതിനെതിരേ രംഗത്തെത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് നിലനിര്‍ത്തുന്നതിനായി നിരവധി തടവുകാരെ കൈമാറുന്ന ഇടപാടുകള്‍ മനപ്പൂര്‍വം തടഞ്ഞുവെന്ന് ആരോപിച്ചു.

അന്താരാഷ്ട്ര തലത്തില്‍ നെതന്യാഹുവിനെതിരേ വിമര്‍ശനങ്ങളുടെ കൂമ്പാരം തന്നെ ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നെതന്യാഹു ഗസ യുദ്ധം നീട്ടിക്കൊണ്ടുപോയി എന്നും ഗതി മാറ്റാന്‍ വാഷിങ്ടണില്‍നിന്ന് കാര്യമായ സമ്മര്‍ദ്ദം നേരിടേണ്ടി വന്നില്ലെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.

കൂടാതെ, ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ നിരാശ പ്രകടിപ്പിച്ചു. 'സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി ഇസ്രായേലിനെ ചുട്ടുകളയാന്‍' നെതന്യാഹു തയ്യാറാണെന്ന് അവര്‍ ആരോപിച്ചു.

അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗസയിലെ ബോംബാക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തലിലേക്ക് നീങ്ങാന്‍ അദ്ദേഹത്തെ വ്യക്തിപരമായി പ്രേരിപ്പിച്ചു.

ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്കെതിരേ റിപോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ മാത്രം ഒതുങ്ങരുതെന്നും കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹമാസ് ലോകശക്തികളോട് ആവശ്യപ്പെട്ടു.'ലോകം മനുഷ്യത്വത്തിന്റെയും നാഗരികതയുടെയും ഒരു യഥാര്‍ഥ പരീക്ഷണത്തെ നേരിടുകയാണ്. ഗസയിലെ കുറ്റകൃത്യങ്ങള്‍ക്ക് അധിനിവേശ ഭരണകൂടം ശിക്ഷിക്കപ്പെടണം. നെതന്യാഹുവിന്റെ നയങ്ങളെ പിന്തുണയ്ക്കുന്നത് നിര്‍ത്താന്‍ അമേരിക്കയില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതും ആവശ്യമാണ്' - മഹ്മൂദ് മര്‍ദാവി പറഞ്ഞു.

Next Story

RELATED STORIES

Share it