Latest News

കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡിഡിഇ ഓഫിസ് മാര്‍ച്ച് നടത്തി

തല്‍കാലിക ബാച്ചുകള്‍ക്ക് പകരം സ്ഥിരം ബാച്ചുകള്‍ അനുവദിക്കുക, സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ കൂടുതല്‍ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്

കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡിഡിഇ ഓഫിസ് മാര്‍ച്ച് നടത്തി
X

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡിഡിഇ ഓഫീസ് മാര്‍ച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരീപ്പുഴ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്: കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ നീതി നിഷേധത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റി ഡിഡിഇ ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.തല്‍കാലിക ബാച്ചുകള്‍ക്ക് പകരം സ്ഥിരം ബാച്ചുകള്‍ അനുവദിക്കുക, സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ കൂടുതല്‍ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

മലബാര്‍ മേഖലയോട് പ്രത്യേകിച്ചും കാഴിക്കോട് ജില്ലയോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്നും, ഉന്നത പഠനത്തിന് അര്‍ഹത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കണമെന്നും ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരീപ്പുഴ പറഞ്ഞു. മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധികള്‍ പരിഹരിക്കും എന്ന ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.

മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കോടതി ഉത്തരവ് ഉണ്ടായിരിക്കെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധ നിലപാട് വിദ്യാര്‍ഥികളോടുള്ള കടുത്ത വഞ്ചനയാണെന്നും ഈ അധ്യയന വര്‍ഷം തന്നെ ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ പറഞ്ഞു.ഇനിയും വിദ്യാര്‍ഥികളുടെ അവകാശങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ സമരം കൂടുതല്‍ ശക്തിപ്പെടുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തെരുവില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി സ്വാഗതവും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി സമാപന പ്രസംഗവും നടത്തി.വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ടി കെ മാധവന്‍,ജില്ലാ സെക്രട്ടറി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആയിഷ മന്ന എന്നിവര്‍ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് സജീര്‍ ടി സി,ജില്ല സെക്രട്ടറിമാരായ ആദില്‍ അലി, മുബഷിര്‍, ആയിഷ റഈസ് കുണ്ടുങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Next Story

RELATED STORIES

Share it