Latest News

മല്‍സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധ സമരം; ചാക്ക ബൈപ്പാസില്‍ ഗതാഗതം സ്തംഭിച്ചു

മല്‍സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധ സമരം; ചാക്ക ബൈപ്പാസില്‍ ഗതാഗതം സ്തംഭിച്ചു
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്കുള്ള വഴിയായ ചാക്ക ബൈപാസിന്റെ താഴെയും മുകളിലുമുള്ള റോഡ് പൂര്‍ണമായും ഉപരോധിച്ചു. ഇവിടെ പോലിസ് വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. തിരുവനന്തപുരത്ത് 6 കേന്ദ്രങ്ങളിലായി വള്ളങ്ങള്‍ അടക്കം റോഡിലിറക്കിയാണ് സമരം. ആറ്റിങ്ങല്‍, പൂവാര്‍, വിഴിഞ്ഞം, ചാക്ക, സ്‌റ്റേഷന്‍കടവ്, ഉച്ചക്കട എന്നീ കേന്ദ്രങ്ങളിലാണ് റോഡ് ഉപരോധിച്ച് സമരം നടക്കുന്നത്.

രാവിലെ 8.30ന് ആരംഭിച്ച ഉപരോധ സമരം വൈകീട്ട് മൂന്നുമണി വരെ നീളും. മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് സമരരീതി മാറ്റിയതെന്ന് സമരസമിതി കണ്‍വീനര്‍ ഫാ.യൂജിന്‍ പെരേര പറഞ്ഞു. കഴിഞ്ഞ 85 ദിവസമായി സമരം തുടര്‍ന്നിട്ടും മല്‍സ്യത്തൊഴിലാളികളോട് നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ക്യാംപുകളില്‍ കഴിയുന്ന ആളുകളെ പുനരധിവസിപ്പാന്‍ 5,500 രൂപ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് പ്രഖ്യാപിച്ചത്. ഇത് മതിയായ തുകയല്ലെന്ന പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇവരെ ശാശ്വതമായി പുനരധിവസിപ്പിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

മല്‍സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധത്തിന് കലക്ടര്‍ രണ്ടിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മുദ്രാവാക്യം വിളിക്കരുതെന്നും കലക്ടര്‍ ഉത്തരവിട്ടു. ഇത് ലംഘിച്ചും റോഡ് ഉപരോധം തുടരുകയാണ്. നിയമവ്യവസ്ഥ ഉപയോഗിച്ചും സംഘര്‍ഷം സൃഷ്ടിച്ചും സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സമരസമിതി ആരോപിച്ചു. ഈ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് സമരസമിതി വ്യക്തമാക്കി. മല്‍സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും നടത്തി.

Next Story

RELATED STORIES

Share it