Latest News

വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം; തീരഭൂസംരക്ഷണവേദി ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ കടല്‍കോടതി സംഘടിപ്പിക്കും

തീര ജനതയെ പുനരധിവസിപ്പിക്കുന്നതിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട പുനര്‍ഗേഹം പദ്ധതി വഞ്ചനയാണ്. തീരത്തു നിന്ന് മത്സ്യത്തൊഴിലാളി സമൂഹങ്ങളെ കുടിയിറക്കി കോര്‍പറേറ്റുകള്‍ക്കും ടൂറിസം മാഫിയകള്‍ക്കും തീരം വിട്ടുകൊടുക്കാനുള്ള ഒളിയജണ്ടകള്‍ ഇതിന് പിന്നിലുണ്ട്

വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം; തീരഭൂസംരക്ഷണവേദി ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ കടല്‍കോടതി സംഘടിപ്പിക്കും
X

തിരുവനന്തപുരം: തീരദേശത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുയര്‍ത്തി തീരഭൂസംരക്ഷണ വേദി നവംബര്‍ 9,10 തിയ്യതികളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കടല്‍കോടതി സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 11ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമരം ഉദ്ഘാടനം ചെയ്യുമെന്ന് തീരഭൂസംരക്ഷണ വേദി ചെയര്‍പെഴ്‌സണ്‍ മാഗ്ലിന്‍ ഫിലോമിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിരന്തരമുണ്ടാകുന്ന ചുഴലിക്കാറ്റും കടല്‍ക്ഷോഭവും കൊണ്ട് വീട് നഷ്ടപ്പെട്ട ആയിരങ്ങള്‍ കാംപുകളിലും ബന്ധുവീടുകളിലും അഭയാര്‍ത്ഥികളായി കഴിയുകയാണ്. അവരെ അടിയന്തിരമായി പുനരധിവസിപ്പിക്കണം. അതുവരെ കഴിയുന്നതിന് വാടക വീട് എടുത്തു നല്‍കുകയോ അതിന്റെ തുക നല്‍കുകയോ ചെയ്യണം. തീര ജനതയെ പുനരധിവസിപ്പിക്കുന്നതിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട പുനര്‍ഗേഹം പദ്ധതി ഒരു വഞ്ചനയാണ്. തീരത്തു നിന്ന് മത്സ്യതൊഴിലാളി സമൂഹങ്ങളെ കുടിയിറക്കി കോര്‍പറേറ്റുകള്‍ക്കും ടൂറിസം മാഫിയകള്‍ക്കും തീരം വിട്ടുകൊടുക്കാനുള്ള ഒളിയജണ്ടകള്‍ ഇതിന് പിന്നിലുണ്ട്.

വനത്തിന്റെ അവകാശം ആദിവാസികള്‍ക്ക് എന്ന പോലെ തീരത്തിന്റെ അവകാശം തീരദേശ ജനതക്ക് നിയമം വഴി ഉറപ്പു വരുത്തണം. തീരദേശ ജനതയെ അഭയാര്‍ത്ഥികളാക്കുന്ന നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

എം.പി.മാര്‍, എം.എല്‍.എമാര്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, എഴുത്തുകാര്‍, കലാസാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കും. തെരുവു നാടകം, തെരുവോര ചിത്രരചന, കടല്‍ പാട്ടുകള്‍, നാടന്‍പാട്ട്, കവിതാലാപനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയ പരിപാടികളും സമരത്തിന്റെ ഭാഗമായുണ്ടാകും.


Next Story

RELATED STORIES

Share it