Latest News

തീപിടിത്തം: സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് 1000 കോടിയുടെ നഷ്ടമെന്ന് അദര്‍ പൂനെവാല

തീപിടിത്തം: സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് 1000 കോടിയുടെ നഷ്ടമെന്ന് അദര്‍ പൂനെവാല
X

പൂനെ: കഴിഞ്ഞ ദിവസം പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടായ തീപിടിത്തത്തില്‍ ആയിരം കോടിയുടെ നഷ്ടമുണ്ടായതായി സിഇഒ അദര്‍ പൂനെവാലെ. കൊവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പ്പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും അദര്‍ പൂനെവാലെയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൂനെവാലെ ഇക്കാര്യം അറിയിച്ചത്.

''നാശനഷ്ടങ്ങള്‍ പ്രധാനമായും ഉപകരണങ്ങള്‍ നശിച്ചതുമൂലമാണ്. കുറേയേറെ ഉല്‍പ്പന്നങ്ങളും കത്തിനശിച്ചു. കമ്പനിയിലെ ഏറ്റവും പുതിയ വിഭാഗമാണ് കത്തിനശിച്ചത്. ഭാവിയില്‍ റോട്ടോവൈറസ്, ബിസിജി ഉല്‍പ്പാദനത്തിനു മാറ്റിവച്ച കെട്ടിടത്തെയാണ് തീപിടിത്തം ബാധിച്ചത്. കെട്ടിടത്തില്‍ വാക്‌സിന്‍ സംഭരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വാക്‌സിന്‍ വിതരണത്തെ ബാധിക്കില്ല''- പൂനെവാലെ പറഞ്ഞു.

ഓക്‌സ്ഫഡ് ആസ്ട്രസെനെക്ക കൊവിഷീല്‍ഡ് വിതരണത്തെ തീപിടിത്തം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും മകനും മന്ത്രിയുമായ ആദിത്യ താക്കറെയുമാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചത്. സിഇഒ അദര്‍ പൂനെവാലെക്കു പുറമെ ഡോ. സൈറസ് പൂനെവാലെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

കഴിഞ്ഞ ദിവസം മഞ്ചരി കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കമ്പനിയില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനത്തിനിടയില്‍ തീപടര്‍ന്നാണ് കെട്ടിടം കത്തിനശിച്ചത്. പ്രദേശത്ത് കത്തുന്ന ധാരാളം വസ്തുക്കളുണ്ടായിരുന്നത് തീപടരുന്നത് എളുപ്പമായി.

Next Story

RELATED STORIES

Share it