Latest News

വിങ് കമാന്‍ഡര്‍ നമന്‍ സ്യാല്‍ മരിച്ച വിവരം പിതാവ് അറിയുന്നത് യൂട്യൂബ് നോക്കവെ

വിങ് കമാന്‍ഡര്‍ നമന്‍ സ്യാല്‍ മരിച്ച വിവരം പിതാവ് അറിയുന്നത് യൂട്യൂബ് നോക്കവെ
X

ന്യൂഡല്‍ഹി: ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് വിങ് കമാന്‍ഡര്‍ നമന്‍ സ്യാല്‍ മരിച്ച വിവരം പിതാവ് ജഗന്‍ നാഥ് സിയാല്‍ അറിഞ്ഞത് യൂട്യൂബ് നോക്കവെ. ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന എയര്‍ ഷോയുടെ വീഡിയോകള്‍ യൂട്യൂബില്‍ തിരയുമ്പോഴാണ് വിമാനാപകടത്തെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ അദ്ദേഹം കാണുന്നത്.

'ഇന്നലെയാണ് ഞാന്‍ മകനോട് അവസാനമായി സംസാരിക്കുന്നത്. ടിവി ചാനലുകളിലോ യൂട്യൂബിലോ എയര്‍ ഷോയിലെ തന്റെ പ്രകടനം കാണാന്‍ അവന്‍ എന്നോട് പറഞ്ഞിരുന്നു. അങ്ങനെ വീഡിയോകള്‍ യൂട്യൂബില്‍ തിരയുമ്പോഴാണ് വിമാനാപകടത്തെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഉടന്‍ തന്നെ മരുമകളെ വിളിച്ചു, അവരും ഒരു വിങ് കമാന്‍ഡറാണ്. നിമിഷങ്ങള്‍ക്കുള്ളില്‍, കുറഞ്ഞത് ആറ് വ്യോമസേനാ ഉദ്യോഗസ്ഥരെങ്കിലും ഞങ്ങളുടെ വീട്ടിലെത്തി, എന്റെ മകന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലായി,' സിയാല്‍ വേദനയോടെ പറഞ്ഞു.

സിയാലും ഭാര്യ വീണ സിയാലും ഇപ്പോള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള നമനിന്റെ വീട്ടിലാണ്. ഏഴ് വയസുള്ള ചെറുമകള്‍ ആര്യ സിയലിനെ പരിചരിക്കുന്നതിനായി രണ്ടാഴ്ച മുമ്പാണ് കാംഗ്രയിലെ പടിയാല്‍കാഡില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വന്നതെന്ന് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് ഫോണില്‍ പറഞ്ഞു. നമനിന്റെ ഭാര്യ കൊല്‍ക്കത്തയില്‍ പരിശീലനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. പഠിക്കാന്‍ തന്റെ മകന്‍ മിടുക്കനായിരുന്നെന്നും തന്റെ ജീവിതത്തെക്കുറിച്ച് അവന്‍ വലിയ സ്വപ്നം കണ്ടെന്നും പിതാവ് കൂട്ടിചേര്‍ത്തു.

ഇന്നലെ ഉച്ചയ്ക്ക് 2.10 ഓടെയാണ് തേജസ് യുദ്ധ വിമാനം തകര്‍ന്നു വീണ് വിങ് കമാന്‍ഡര്‍ നമന്‍ സ്യാല്‍ മരിച്ചത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്. എയര്‍ ഷോയ്ക്കിടെയായരുന്നു അപകടം.

Next Story

RELATED STORIES

Share it