Latest News

ചലച്ചിത്ര പ്രവര്‍ത്തകരെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നത് ഫാഷിസം; ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി

ചലച്ചിത്ര പ്രവര്‍ത്തകരെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നത് ഫാഷിസം; ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകരെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നത് ഫാഷിസമാണെന്നും അതിനെ ഒരു വ്യക്തിയോടുള്ള പ്രശ്‌നമായി ചുരുക്കിക്കാണേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ് നടക്കുന്നതെന്നും അതിനെ വേണ്ട രീതിയില്‍ത്തന്നെ നേരിടുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ഇതേ അഭിപ്രായം അദ്ദേഹം നിയമസഭയിലും പ്രകടിപ്പിച്ചിരുന്നു.

പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഭരണഘടനാപരമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേതെന്നും സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണെന്നും ആ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസ്സിന്റെ റോഡ് ഉപരോധത്തിനെതിരേ സിനിമാ നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത് സംഘര്‍ഷത്തിനു വഴിവച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാറിന്റെ ചില്ല് തല്ലിപ്പൊളിച്ചു. തുടര്‍ന്നാണ് റോഡ് തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തിയാല്‍ തടയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അത്തരം നീക്കം ശരിയല്ലെന്ന് അഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളുമുണ്ട്.

''(ആവിഷ്‌കാര) സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാന്‍ പാടില്ലാത്ത ഫാഷിസ്റ്റു മനോഭാവമാണിത്.

ഒരു വ്യക്തിയോടുള്ള വിദ്വേഷം മുന്‍നിര്‍ത്തിയുള്ള സംഘടിത നീക്കമായി അതിനെ ചുരുക്കിക്കാണുന്നത് ശരിയല്ല. അക്രമികളുടെ ഉള്ളിലുള്ള ഫാഷിസ്റ്റു പ്രവണതയും അസഹിഷ്ണുതയുമാണ് പ്രകടമായിരിക്കുന്നത്. ജനാധിപത്യത്തിന്റെ കുപ്പായമണിഞ്ഞാണ് ചിലര്‍ ഈ ആക്രമണങ്ങള്‍ക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാഷിസ്റ്റു മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിലുള്ള അപരിഷ്‌കൃതരായ സാമൂഹ്യവിരുദ്ധരെ പടിക്കു പുറത്ത് നിര്‍ത്തിയ ചരിത്രമാണ് ഈ നാടിന്റേത്. അതിനാല്‍ മനുഷ്യനെ ഭയപ്പാടില്ലാതെയും സ്വതന്ത്രമായും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കും. കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങള്‍ തച്ചുടയ്ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല''-മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it