Latest News

പത്തു ദിവസത്തിനകം പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കാനുള്ള 1.37 ലക്ഷം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഇപിഎഫ്ഒ

279.65 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ അംഗങ്ങളെ സഹായിക്കുന്നതിനായി ഇപിഎഫ് പദ്ധതി ഭേദഗതി ചെയ്താണ് ഈ തുക അനുവദിച്ചത്.

പത്തു ദിവസത്തിനകം പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കാനുള്ള 1.37 ലക്ഷം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഇപിഎഫ്ഒ
X

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി സമര്‍പ്പിക്കപ്പെട്ട 1.37 ലക്ഷം അപേക്ഷകള്‍ എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പത്തുദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി. 279.65 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ അംഗങ്ങളെ സഹായിക്കുന്നതിനായി ഇപിഎഫ് പദ്ധതി ഭേദഗതി ചെയ്താണ് ഈ തുക അനുവദിച്ചത്.

ഇവയുടെ വിതരണം ആരംഭിച്ചുകഴിഞ്ഞു. കെവൈസി നിബന്ധനകള്‍ പൂര്‍ത്തീകരിച്ച എല്ലാ അപേക്ഷകള്‍ക്കും 72 മണിക്കൂറിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന വിധമാണ് സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്കായി പിഎഫ് തുക പിന്‍വലിക്കാന്‍ അപേക്ഷ നല്കിയിട്ടുള്ളവര്‍ക്കും കൊവിഡ് ആവശ്യത്തിന് കീഴില്‍ അപേക്ഷിക്കാവുന്നതാണ്. ഇവരുടെ കെവൈസി നില അനുസരിച്ച്, അപേക്ഷകളില്‍ എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായാണ് കൊവിഡ് പ്രതിരോധത്തിനായി പ്രോവിഡന്റ് നിധിയില്‍ നിന്നും പണം പിന്‍വലിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഇതിനായി ഇപിഎഫ് പദ്ധതിയില്‍ 68 എല്‍(3) എന്ന ഖണ്ഡിക ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു അടിയന്തിര വിജ്ഞാപനം കഴിഞ്ഞ മാസം 28നു പുറത്തിറക്കിയിരുന്നു. അംഗത്തിന്റെ മൂന്നുമാസത്തെ അടിസ്ഥാന വേതനവും ക്ഷാമ ബത്തയും ചേര്‍ന്ന തുക അല്ലെങ്കില്‍ ഇപിഎഫ് അക്കൗണ്ടിലെ 75 ശതമാനം തുക എന്നിവയില്‍ ഏതാണോ കുറവ് അതാകും പിന്‍വലിക്കാന്‍ സാധിക്കുക. എന്നാല്‍ ഈ തുക പിന്നീട് തിരികെ അടയ്ക്കേണ്ടതില്ല. മുകളില്‍ പറഞ്ഞതില്‍ നിന്നും കുറഞ്ഞ തുകയും അംഗങ്ങള്‍ക്ക് നിധിയില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കും. ഇതിന്മേല്‍ ആദായ നികുതി അടയ്ക്കേണ്ടതില്ല. അപേക്ഷകരുടെ എണ്ണത്തിലുണ്ടാവാനിടയുള്ള വര്‍ധന മുന്നില്‍കണ്ട് ഈ ആവശ്യങ്ങള്‍ക്കായി ഒരു പുതിയ സോഫ്ട്‌വെയറും സ്ഥാപനം വികസിപ്പിച്ചിട്ടുണ്ട്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രസീത് നല്‍കുന്ന സംവിധാനം 24 മണിക്കൂറിനകം ഇപിഎഫ്ഒ ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ മാസം 29 മുതല്‍ ഈ സംവിധാനം പ്രവര്‍ത്തിച്ചുവരുന്നു.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി കടലാസ്സ് രഹിത അപേക്ഷാ നടപടിക്രമങ്ങള്‍ ഉറപ്പാകേണ്ടതാണ്. കെവൈസി നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചിട്ടുള്ളവരുടെ അപേക്ഷകള്‍, ഓട്ടോ മോഡില്‍ നേരിട്ട് പരിഹരിക്കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Next Story

RELATED STORIES

Share it