Latest News

'കേരളത്തില്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പൂര്‍ണ പരാജയം'; കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍

കേരളത്തില്‍ വ്യാജമരുന്നുകള്‍ സുലഭം; ജെബി മേത്തര്‍

കേരളത്തില്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പൂര്‍ണ പരാജയം; കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍
X

ന്യൂഡല്‍ഹി: കേരളത്തില്‍ വ്യാജമരുന്നുകള്‍ സുലഭമെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരാജയമാണിതെന്നും നിലവാരമില്ലാത്ത മരുന്നുകള്‍ യഥേഷ്ടം ലഭ്യമാണെന്നും എംപി പറഞ്ഞു. ജെബി മേത്തറിന്റെ പരാമര്‍ശത്തിനെതിരേ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. രാജ്യസഭയിലെ ശൂന്യവേളയിലായിരുന്നു പരാമര്‍ശം. കേരളത്തിലെ വ്യാജമരുന്നുകളുടെ വിഷയം ശൂന്യവേളയില്‍ ഉന്നയിക്കുമ്പോള്‍ ബഹളം വച്ച് അത് തടസപ്പെടുത്താന്‍ ശ്രമിച്ച സിപിഎം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസിനെതിരേ 'മുന്ന' എന്ന പരാമര്‍ശവും ജെബി മേത്തര്‍ നടത്തി.

കേരളം വ്യാജമരുന്നുകളുടെ ആസ്ഥാനമായെന്ന് ആരോപിച്ച ജെബി മേത്തര്‍ അടുത്തിടെ നടന്ന റെയ്ഡുകളില്‍ ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ഫാര്‍മസികളില്‍ നിന്നും പിടിച്ചെടുത്തതെന്ന് വ്യക്തമാക്കി.

അവശ്യം നടത്തേണ്ട ഗുണനിലവാരപരിശോധനകള്‍ പോലും മറികടന്നാണ് കേരളത്തിന് പുറത്തുനിന്നും വ്യാജമരുന്നുകള്‍ ഒഴുകിയെത്തുന്നത്. കേരളത്തിന്റെ ആരോഗ്യമേഖല പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നും അവശ്യ ഉപകരണങ്ങളുടെ അഭാവത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ പോലും അനിശ്ചിതമായി മാറ്റിവെക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെട്ടത്. കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ വ്യാജമരുന്നുകള്‍ സുലഭമാണ്. 'ഇതൊരു നിസ്സാര കാര്യമല്ല. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ അനാസ്ഥയും പരാജയവുമാണ് ഈ റെയ്ഡിലൂടെ വ്യക്തമാകുന്നത്. കേരളത്തിനകത്ത് ഇത്തരത്തിലുള്ള വ്യാജമരുന്നുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ചെയ്തുകൊടുക്കുന്നത് ഇവരാണ്'. കോണ്‍ഗ്രസ് എംപി പറഞ്ഞു.

ജെബി മേത്തര്‍ വിഷയത്തിലേക്കു കടന്നപ്പോള്‍ തന്നെ ബ്രിട്ടാസും കുടെ എ എ റഹീമും പ്രസംഗം തടസപ്പെടുത്തി തുടങ്ങിയിരുന്നു. ഇരുവരുടെയും ബഹളത്തിനിടയില്‍ വിഷയം അവതരിപ്പിച്ച ജെബി മേത്തര്‍ തുടര്‍ന്ന് ഇംഗ്ലീഷിലെ സംസാരം മലയാളത്തിലേക്കു മാറ്റി ജനങ്ങളെ മറന്ന് ബ്രിഡ്ജ് പണിയുന്ന മുന്നമാരുടെ അന്തസില്ലാത്ത അന്തര്‍ധാര അവസാനിപ്പിക്കുന്നതിന് കേരളം വിധിയെഴുതുകയാണെന്ന് പറഞ്ഞു. കേരളം ഇന്ന് തിരഞ്ഞെടുപ്പിലേക്ക് പോകുകയാണെന്നും മാറ്റത്തിനെറ പുതിയ ജാതകം കുറിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ജെബി മേത്തറിന്റെ പരാമര്‍ശത്തിനെതിരേ കനത്ത പ്രതിഷേധമാണ് രാജ്യസഭയില്‍ ഉയര്‍ന്നത്. ജെബി മേത്തര്‍ സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. 'മറ്റെവിടെയോ നിര്‍മിച്ച വ്യാജ മരുന്നുകളാണ് കേരളത്തില്‍ കൊണ്ടുവന്നത്'. കേരള സര്‍ക്കാരിന്റെ കാര്യക്ഷമത കൊണ്ടാണ് വ്യാജ മരുന്നുകള്‍ കണ്ടെത്തിയതെന്നും ബ്രിട്ടാസ് സഭയില്‍ മറുപടി നല്‍കി. ജെബിയുടെ ആക്ഷേപത്തിനു പിന്നാലെ ചട്ടം 258 പ്രകാരം ഒരു അംഗത്തിനും സഭയെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് ക്രമപ്രശ്‌നം ഉന്നയിക്കാന്‍ ജോണ്‍ ബ്രിട്ടാസ് എഴുന്നേറ്റുവെങ്കിലും രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ അംഗീകരിച്ചില്ല.

Next Story

RELATED STORIES

Share it