Latest News

വടകര അപകടം: ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കണം

വടകര അപകടം: ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കണം
X

കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് 21 മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതു വയസുകാരി ദൃഷാനയ്ക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. വടകര എംഎസിടി(മോട്ടര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍) കോടതി അദാലത്തിലാണ് കേസ് തീര്‍പ്പാക്കി ഇന്‍ഷുറന്‍സ് കമ്പനിക്ക് ഈ ഉത്തരവ് നല്‍കിയത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്. കണ്ണൂര്‍ മേലെചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. കേസില്‍ ദൃഷാനയ്ക്കു വേണ്ടി കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ അഡ്വ.ഫൗസിയ ഹാജരായി.

ദേശീയപാതയില്‍ വടകര ചോറോട് വച്ച് 2024 ഫെബ്രുവരി 17 ന് രാത്രി ഒന്‍പതു മണിയോടെയാണ് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. ഗുരുതരമായി പരുക്കേറ്റ മുത്തശ്ശി, തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന പുത്തലത്ത് ബേബി (68) മരിച്ചു. അപകടത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും കോമ അവസ്ഥയില്‍ കഴിയുന്ന ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് മാതാപിതാക്കള്‍ വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്.

ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് (കെല്‍സ) കീഴിലുളള വിക്റ്റിംസ് റൈറ്റ്‌സ് സെന്റര്‍ (വിആര്‍സി) മുഖേന അടിയന്തര റിപ്പോര്‍ട്ട് തേടിയതോടെയാണ് ദൃഷാനയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വഴി തെളിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായ കുട്ടിയുടെ അവസ്ഥ നേരിട്ട് കണ്ട് വിആര്‍സി അംഗങ്ങള്‍ വിലയിരുത്തി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത പോലീസ് സംഘം അപകടം നടന്ന ചോറോടിന് 40 കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. അഞ്ഞൂറോളം സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പുകളും 19,000 വാഹനങ്ങളും പരിശോധിച്ചു. അപകടം വരുത്തിയത് വെള്ള കാര്‍ ആണെന്ന നിഗമനത്തില്‍ ചോറോട്, കൈനാട്ടി പ്രദേശത്തെ വെള്ള നിറത്തിലുള്ള എല്ലാ കാറുകളുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഓരോ വീട്ടിലും പോലീസ് നേരിട്ട് ചെന്നു.

ഇടിച്ചിട്ട കാര്‍ കണ്ടെത്താനാകാത്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് അപകടമുണ്ടായി പത്തു മാസത്തിന് ശേഷം കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം കാര്‍ കണ്ടെത്തുകയും വിദേശത്തേക്ക് പോയ പ്രതി പുറമേരി മീത്തലെ പുനത്തില്‍ ഷെജിലിനെ (36) നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.

Next Story

RELATED STORIES

Share it