Latest News

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു
X

പയ്യോളി: പയ്യോളിയില്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ പയ്യോളി പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് ഒന്നാം പ്രതി വിനീഷ് വിനോദാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടയില്‍ പ്രതിക്ക് മൂത്രമൊഴിക്കാനായി ദേശീയപാതക്കരികില്‍ നിര്‍ത്തിയതോടെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. റെയില്‍വേ ട്രേക്കിലൂടെ ഓടിയ പ്രതിയെ പയ്യോളി രണ്ടാം ഗേറ്റിന് സമീപത്തുവെച്ച് നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

തടിയന്‍ പറമ്പില്‍ നൗഷാദാണ് പ്രതി ഓടി വരുന്നത് കണ്ട് തടഞ്ഞു നിര്‍ത്തി പിന്തുടര്‍ന്നെത്തിയ പോലിസിന് കൈമാറിയത്. അതിനിടെ റോഡരികില്‍ ബൈക്കിലുണ്ടായിരുന്ന കടപ്പുറം താരേമ്മല്‍ അന്‍വറിന്റെ ബൈക്ക് തട്ടിയെടുത്ത് രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. സംഭവത്തില്‍ മകള്‍ ആയിശ ഫിദയുടെ കൈക്ക് പരിക്കേറ്റു.

ജൂണ്‍ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ വീട്ടില്‍ കയറി ഏലംകുളം പഞ്ചായത്തില്‍ എളാട് ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകളും ഒറ്റപ്പാലം നെഹ്‌റു കോളജില്‍ എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ദൃശ്യയെ വിനീഷ് കുത്തിക്കൊന്നത്.

Next Story

RELATED STORIES

Share it