Latest News

നേതൃത്വത്തോട് അതൃപ്തി: കാസര്‍ഗോഡ് പടന്നയില്‍ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ രാജിവെച്ചു

നേതൃത്വത്തോട് അതൃപ്തി: കാസര്‍ഗോഡ് പടന്നയില്‍ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ രാജിവെച്ചു
X

പടന്ന: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടര്‍ന്ന് കാസര്‍കോട് പടന്നയില്‍ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു. ലീഗിന് സ്വാധീനമുള്ള വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് സീറ്റു നല്‍കിയതിനെതിരേ യൂത്ത് ലീഗ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളുടെ രാജി.

യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഖമറുദ്ധീന്‍ പി കെ, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പി കെ സി, ട്രഷറര്‍ ജലീല്‍ ഒരിമുക്ക്, വൈ. പ്രസിഡന്റുമാരായ അഷ്‌ക്കര്‍ പി പി, സയീദ് ദാരിമി, ജോ. സെക്രട്ടറിമാരായ മുഹമ്മദ് തെക്കേക്കാട്, ജംഷാദ് എടച്ചാക്കൈ എന്നിവരാണ് രാജിവെച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി.

സീറ്റു വിഭജനത്തെ ചൊല്ലി പടന്നയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനിടെ ലീഗിന്റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കാന്‍ മുന്നണി തലത്തില്‍ ധാരണയായതോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊട്ടിത്തെറിച്ചത്. ലീഗിന് സ്വന്തം നിലയില്‍ ആയിരത്തിലധികം വോട്ടുള്ള വാര്‍ഡ് ചില ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിന് അടിയറവെച്ചതായി ആരോപിച്ചും സീറ്റു വിട്ടുകൊടുത്തതില്‍ ശരികേട് ഉന്നയിച്ചും പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പടന്ന. വാര്‍ഡ് വിഭജനത്തിന്റെ ആനുകൂല്യത്തില്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഇതിനിടയിലാണ് ലീഗിലെ പൊട്ടിത്തെറി.

പ്രതിഷേധമുയര്‍ത്തിയതിനു പിന്നാലെ യൂത്ത് ലീഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തത് ശരിയായ രീതിയിലല്ലെന്നും കമ്മറ്റിക്ക് വിശ്വാസ്യതയില്ലെന്നും വിമര്‍ശനമുയര്‍ത്തി ചില മുസ്‌ലിം ലീഗ് നേതാക്കള്‍ രംഗത്തെത്തി. നവംബര്‍ രണ്ടിനു ചേര്‍ന്ന കണ്‍വെന്‍ഷനില്‍ തിരഞ്ഞെടുത്ത കമ്മിറ്റിയാണ് മുസ്‌ലിം ലീഗ് നേതൃവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരുമിച്ച് രാജിവെച്ചത്.

Next Story

RELATED STORIES

Share it