Latest News

മദ്യപാനത്തിനിടെ തര്‍ക്കം; പെരുമ്പാവൂരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി

മദ്യപാനത്തിനിടെ തര്‍ക്കം; പെരുമ്പാവൂരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി
X
കൊച്ചി: പെരുമ്പാവൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടു തമിഴ്‌നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂരിനു സമീപം പാലക്കാട്ട് താഴം മില്ലുംപടിയിലാണ് സംഭവം. മണിയും സുഹൃത്തുക്കളും തഞ്ചാവൂര്‍ സ്വദേശികളുമായ രാജയും, ഭരതും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ രാത്രി മൂവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കമുണ്ടായി. ഇതു പിന്നീട് തമ്മിലടിയായി. ഇതിനിടെ രാജയും ഭരതും ചേര്‍ന്ന് പണിയായുധമായ തൂമ്പയുടെ പിടി ഉപയോഗിച്ച് മണിയുടെ ദേഹത്തും തലക്കും പല തവണ അടിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ മണി സംഭവ സ്ഥലത്തുവച്ച് മരിച്ചു.

ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലിസെത്തി മദ്യലഹരിയിലായിരുന്ന രാജയെയും ഭരതിനെയും കസ്റ്റഡിയിലെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മദ്യപിച്ചുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്നും മറ്റ് വൈരാഗ്യങ്ങള്‍ ഒന്നും ഇവര്‍ തമ്മിലില്ലെന്നും പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Next Story

RELATED STORIES

Share it