Latest News

പിഎം കെയര്‍ പദ്ധതിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി

പിഎം കെയര്‍ പദ്ധതിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി
X

ന്യൂഡല്‍ഹി: പിഎം കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും പണവിനിയോഗവും കാരണങ്ങളും വ്യക്തമായി വെബ്‌സൈറ്റില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹരജി.

ഡോ. എസ് എസ് ഹൂഡയാണ് അഡ്വ. ആദിത്യ ഹൂഡ വഴി ഹൈക്കോടതിയെ സമീപിച്ചത്. പിഎംകെയര്‍ പദ്ധതിയുടെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കാനാവില്ലെന്ന് അറിയിപ്പുകിട്ടിയതിനു പിന്നാലെയാണ് ഹൂഡ ഹൈക്കോടതിയെ സമീപിച്ചത്. പിഎം കെയര്‍ ഫണ്ട് വിവരാവകാശ നിയമം, 2005ന്റെ സെക്ഷന്‍ 2(എച്ച്) അനുസരിച്ച് പൊതുഅധികാര പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതോ സര്‍ക്കാര്‍ സംവിധാനത്താല്‍ നിയന്ത്രിക്കപ്പെടുന്നതോ ധനസഹായം സ്വീകരിക്കുന്നതോ ആയ എന്തും പൊതുഅധികാരത്തിന്റെ പരിധിയില്‍ വരുമെന്നും വിവരാവകാശനിയമത്തിന്‍ കീഴില്‍ വിവരം നല്‍കാന്‍ ബാധ്യസ്ഥരാണെന്നും ഹരജിയില്‍ പറയുന്നു.

പ്രധാനമന്ത്രിയാണ് പിഎം കെയര്‍ പദ്ധതിയുടെ എക്‌സ് ഒഫീഷ്യോ ചെയര്‍മാനെന്നും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ ട്രസ്റ്റികളാണെന്നും ഹരജി ചൂണ്ടിക്കാട്ടി. ചെയര്‍മാനും ട്രസിറ്റികള്‍ക്കും മൂന്ന് ട്രസ്റ്റികളെ നിയമിക്കാനുള്ള അവകാശവുമുണ്ട്. പണം ചെലവഴികകാനുള്ള മാനദണ്ഡങ്ങള്‍ പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരുമാണ് തയ്യാറാക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭവാനകള്‍ സ്വീകരിച്ചാണ് പിഎംകെയര്‍ പദ്ധതിയിലേക്കുള്ള പണം സ്വരൂപിച്ചത്. അത് ഏകദേശം 10000 കോടിയോളം വരും. കേന്ദ്ര മന്ത്രിമാരും പ്രതിരോധസേനയിലെ അംഗങ്ങളും മറ്റ് സര്‍ക്കാര്‍ ജോലിക്കാരും ഇതിലേക്ക് പണം ദാനം നല്‍കാന്‍ നിര്‍ബന്ധിതരായിരുന്നു.

2004ലെ പിയുസിഎല്ലും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന കേസിന്റെ ചുവട് പിടിച്ചാണ് പിഎം കെയര്‍ പൊതുഅധികാരത്തിനു കീഴിലാണെന്ന കേസ് മുന്നോട്ട് പോകുന്നത്. സെക്ഷന്‍ 19(1)എ അനുസരിച്ച് പിഎം കെയര്‍ പൊതുഅധികാരപരിധിയില്‍ വരുന്നതല്ലെങ്കിലും പണം എവിടെനിന്ന് വരുന്നു പോകുന്നു എന്ന വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

പിഎം കെയര്‍ പൊതു അധികാരപരിധിയില്‍ വരുന്നതല്ലെങ്കില്‍ തന്നെയും സര്‍ക്കാര്‍ ഏജന്‍സികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ഈ ഫണ്ടിലേക്ക് പണം ദാനം ചെയ്യേണ്ടിവരുന്നത് പുനപ്പരിശോധിക്കണമെന്നും ഹരജി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് എത്ര പണമാണ് പിഎം കെയറിലേക്ക് വന്നതെന്നും കൊവിഡിനു വേണ്ടി എത്ര ചെലവഴിച്ചെന്നും അറിയാനുള്ള അവകാശമുണ്ടെന്നും ഹരജി വാദിക്കുന്നു.

കേസ് അടുത്ത ജൂണ്‍ 10ന് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it