Latest News

പോലിസ് അഴിഞ്ഞാടുന്നു, കേരള പോലിസല്ല കെ ഗുണ്ടകളാണെന്ന് വിഷ്ണുനാഥ്; തടയാന്‍ ശ്രമിച്ചാല്‍ ഇനിയും അടിക്കുമെന്ന് എഎന്‍ ഷംസീര്‍

ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ ചര്‍ച്ചയില്‍ പിസി വിഷ്ണുനാഥ്, എ എന്‍ ഷംസീര്‍, രമേശ് ചെന്നിത്തല, പിഎസ് സുപാല്‍, എംകെ മുനീര്‍, പിജി ജോസഫ് തുടങ്ങിയവര്‍ സംസാരിക്കുന്നു

പോലിസ് അഴിഞ്ഞാടുന്നു, കേരള പോലിസല്ല കെ ഗുണ്ടകളാണെന്ന് വിഷ്ണുനാഥ്; തടയാന്‍ ശ്രമിച്ചാല്‍ ഇനിയും അടിക്കുമെന്ന് എഎന്‍ ഷംസീര്‍
X

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വ്വേക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ ഹീനമായി നേരിടുകയാണ് പോലിസെന്ന് പിസി വിഷ്ണുനാഥ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്ന വിഷ്്ണുനാഥ്. ഫലത്തില്‍ കേരളത്തിലെ പോലിസ് ആറാടുകയാണ്. കേരള പോലിസല്ല ഇത് കെ ഗുണ്ടകളാണ്. കുട്ടികളുടെ കരച്ചിലിനപ്പുറം എന്ത് സാമൂഹികാഘാത പഠനമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ ചര്‍ച്ചയില്‍ പിസി വിഷ്ണുനാഥിന് പുറമെ എ എന്‍ ഷംസീര്‍, രമേശ് ചെന്നിത്തല, പിഎസ് സുപാല്‍, എംകെ മുനീര്‍, പിജി ജോസഫ് തുടങ്ങിയവര്‍ സംസാരിക്കുന്നു

പിസി വിഷ്ണുനാഥ്

സഭയില്‍ ചര്‍ച്ചയില്ലെന്ന നിലപാടില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പോരാടുന്ന വീട്ടമ്മമാരുടെ വിജയം കൂടിയാണ് ഈ ചര്‍ച്ച. അത് യുഡിഎഫ് കൂടി നയിക്കുന്ന കേരളത്തിലെ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ വിജയമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ചര്‍ച്ചയേ വേണ്ട എന്ന നിലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ നിലപാട് മാറ്റം പ്രതിപക്ഷത്തിന്റെ വിജയമാണ്.

സില്‍വര്‍ ലൈന്‍ സര്‍വ്വേക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ ഹീനമായി നേരിടുകയാണ് പോലിസ്. ഫലത്തില്‍ കേരളത്തിലെ പോലിസ് ആറാടുകയാണ്. കേരള പോലിസല്ല ഇത് കെ ഗുണ്ടകളാണ്. കുട്ടികളുടെ കരച്ചിലിനപ്പുറം എന്ത് സാമൂഹികാഘാത പഠനമാണ് ഇവിടെ വേണ്ടത്. ജനാധിപത്യ വിരുദ്ധമായ ഫാഷിസമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചു വയ്ക്കാനുള്ള പൊങ്ങച്ച പദ്ധതിയാണിത്. അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ത്തവരാണ് സിപിഎം. അടിമുടി ദുരൂഹതയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നടത്തിപ്പിലുള്ളത്. വായ്പ നല്‍കുന്ന കമ്പനിയുടെ താല്പര്യപ്രകാരമാണ് ബ്രോഡ്‌ഗേജ് പാത സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആക്കിയത്.

പരിസ്ഥിതിയെ സംരക്ഷിക്കുന്ന നവകേരളത്തിന്റെ ഭാഗമാണോ ഈ പദ്ധതി. സാങ്കേതികവിദ്യ തീരുമാനിക്കുന്നതില്‍ പോലും സര്‍ക്കാരിനോ റെയില്‍വേക്കോ പങ്കില്ലാത്ത ഈ പദ്ധതിയെ ഞങ്ങള്‍ എന്തിന് പിന്തുണക്കണം?. റീബില്‍ഡ് കേരളക്ക് കിട്ടിയ പണം പോലും വകമാറ്റിയ സര്‍ക്കാരാണിത്. റീ ബില്‍ഡ് കേരളക്ക് പോലും ഇന്ന് പണമില്ല. ജനങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലിസ് മഞ്ഞക്കുറ്റി നടാന്‍ സംരക്ഷണം കൊടുക്കുകയാണ്. ലോകസമാധാനത്തിന് 2 കോടിയും ജനങ്ങളുടെ സമാധാനം കളയാന്‍ 2000 കോടിയും എന്ന നിലയാണ്. കമ്മീഷന്‍ അടിക്കാനുള്ള പദ്ധതിയാണ് കെ റെയില്‍. ഇവിടെ കെ റെയില്‍ വേണ്ട കേരളം മതി.

എഎന്‍ ഷംസീര്‍

ഇടത് മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ആ പദ്ധതിയെ അംഗീകരിച്ചതുമാണ്. ഇനിയിപ്പോള്‍ പ്രതിപക്ഷത്തിന്റെ അനുമതി ആ പദ്ധതികള്‍ക്കായി ഞങ്ങള്‍ക്ക് വേണ്ട. പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുക തന്നെ ചെയ്യും. കമ്മീഷനടി ഞങ്ങളുടെ പരിപാടിയല്ല. നിങ്ങള്‍ക്ക് കമ്മീഷന്‍ കിട്ടുന്നത് കൊണ്ടാണ് നിങ്ങള്‍ സില്‍വര്‍ ലൈനില്‍ കമ്മീഷനെപ്പറ്റി ആശങ്കപ്പെടുന്നത്.

കെ റെയില്‍ ഇല്ലാത്ത സ്ഥലത്തും ഉരുള്‍പൊട്ടും. പരിസ്ഥിതിയെ ഒരു തരത്തിലും പദ്ധതി ബാധിക്കില്ല. കെ റെയില്‍ പദ്ധതിയിലെ പരിസ്ഥിതി നാശത്തെ പ്രതിപക്ഷം പെരുപ്പിച്ചു കാണിക്കുകയാണ്. മാടായിപ്പാറയ്‌ക്കോ കടലുണ്ടി പക്ഷിസങ്കേതത്തിനോ പൊന്നാനി കോള്‍പ്പാടങ്ങള്‍ക്കോ പദ്ധതി മൂലം നാശം സംഭവിക്കുന്നില്ല. ഏറ്റവും മികച്ച പാക്കേജ് നല്‍കി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞും പരിഹരിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ കൊണ്ടു വരുന്ന എന്തിനേയും ഏതിനേയും എതിര്‍ക്കുക എന്ന നയം നിങ്ങള്‍ അവസാനിപ്പിക്കണം. 2025ല്‍ സില്‍വര്‍ ലൈന്‍ പൂര്‍ത്തിയായാല്‍ പിന്നെ സ്ഥിരമായി പ്രതിപക്ഷ ബെഞ്ചിലിരിക്കേണ്ടി വരും എന്നാണ് നിങ്ങളുടെ ഭയം.

ബിജെപി ഓഫിസില്‍ ഇപ്പോള്‍ കെസി വേണുഗോപാലിന്റെ പടം വച്ച് ആരാധിക്കുകയാണ്. വികസനത്തെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന് അതിനാലാണ് അവര്‍ സ്ഥിരമായി തോല്‍ക്കുന്നതും. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തൂണു പൊളിക്കാന്‍ പോയാല്‍ പോലിസില്‍ നിന്നും നല്ല അടി ഇനിയും കിട്ടും അക്കാര്യത്തില്‍ സംശയം വേണ്ടെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it