Latest News

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം; സ്‌കൂള്‍ ജീവനക്കാര്‍ വാക്‌സിന്‍ എടുത്തെന്നും ഉറപ്പുവരുത്തണം

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം; സ്‌കൂള്‍ ജീവനക്കാര്‍ വാക്‌സിന്‍ എടുത്തെന്നും ഉറപ്പുവരുത്തണം
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംമ്പര്‍ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍ദേശിച്ചു. സ്്കൂള്‍തലത്തില്‍ ആസൂത്രണം നടത്തി മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച ധാരണ ഉണ്ടാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. പ്രവേശന കവാടങ്ങള്‍, കോമ്പൗണ്ട്, ക്ലാസ്മുറികള്‍, ശൗചാലയങ്ങള്‍, കുടിവെള്ള സ്രോതസും, പാചകപ്പുരയും, ഭക്ഷണശാലയും, വാഹനങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങള്‍ ദൈനംദിനം പരിപാലിക്കേണ്ടത് സംബന്ധിച്ച് ധാരണയുണ്ടാക്കണം.

ശുചിത്വ പരിപാലനത്തിനും അണുനശീകരണത്തിനും കൃത്യമായ മോണിറ്ററിംഗ് സംവിധാനവും പ്രവര്‍ത്തന ഏകോപനവും നടക്കുന്നുവെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി എല്ലാ അധ്യാപക അനധ്യാപക ജീവനക്കാര്‍, സ്‌കൂള്‍ ബസ് ജീവനക്കാര്‍, ഗസ്റ്റ് അധ്യാപകര്‍, കുട്ടികളുടെ വീട്ടിലെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമായെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. സ്‌കൂള്‍ പി ടി എകളും എസ് എം സി എക്‌സിക്യുട്ടീവ് യോഗങ്ങളും വിളിച്ച് ചേര്‍ത്ത് വിശദമായി ചര്‍ച്ച നടത്തണം. ജനപ്രതിനിധികള്‍ നിര്‍ബന്ധമായും ഇത്തരം യോഗങ്ങളില്‍ പങ്കാളികളാകണം.

മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍, ബഹുജന, വിദ്യാര്‍ത്ഥി, അദ്ധ്യാപക സംഘടനകളുടെ യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിളിച്ചു ചേര്‍ക്കണം.

കുട്ടികള്‍ക്കുള്ള ഗതാഗത സൗകര്യങ്ങള്‍ ക്രമീകരിക്കാനും സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും ഇന്‍ഷുറന്‍സും ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. കൂടാതെ രക്ഷിതാക്കളുടെ വാഹനങ്ങളും സുരക്ഷിത യാത്രയ്ക്ക് തയ്യാറാക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. രോഗ ലക്ഷണമുള്ളവരെ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികള്‍ ആസൂത്രണം ചെയ്യണം.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികള്‍ നടപ്പാക്കാനും നിരീക്ഷിക്കാനും സ്‌കൂള്‍ ആരോഗ്യ നിരീക്ഷണ സമിതി രൂപീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കമ്മറ്റിയില്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it