Latest News

ഡിജിറ്റല്‍ ഭൂസര്‍വേ; ഇതുവരെ പൂര്‍ത്തിയായത് 913 വില്ലേജുകളിലെ റീസര്‍വേ; 4 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവും

ഡിജിറ്റല്‍ ഭൂസര്‍വേ; ഇതുവരെ പൂര്‍ത്തിയായത് 913 വില്ലേജുകളിലെ റീസര്‍വേ; 4 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവും
X

തിരുവനന്തപുരം: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വേ ചെയ്യുകയെന്ന അതിനൂതന പ്രക്രിയക്ക് റവന്യു വകുപ്പ് തുടക്കംകുറിച്ചു. വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനമെമ്പാടും ഭൂസര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 1,666 വില്ലേജുകളില്‍ 913 ല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 89 വില്ലേജുകളില്‍ ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

നൂതന വിവര വിനിമയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാലഘട്ടത്തിനനുസൃതമായി ഓണ്‍ലൈന്‍ സേവനം സാധ്യമാക്കുന്നതിന് സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടെയും ഭൂരേഖകള്‍ ഡിജിറ്റലാക്കേണ്ടതുണ്ട്. നിലവില്‍ ഡിജിറ്റല്‍ സര്‍വേ പുരോഗതിയിലുള്ള 27 വില്ലേജുകളും പൂര്‍ത്തിയായ 89 വില്ലേജുകളും കഴിഞ്ഞ് ബാക്കിയുള്ള 1,550 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 807.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ സര്‍വേക്കായി സംസ്ഥാനത്താകെയുള്ള 28 CORS (കണ്ടിന്വസ്ലി ഓപ്പറേറ്റിംഗ് റെഫറന്‍സ് സ്‌റ്റേഷന്‍) സ്‌റ്റേഷനുകളില്‍ നിന്നും തുടര്‍ച്ചയായി ലഭിക്കുന്ന സിഗ്‌നലുകളുടെ സഹായത്താല്‍ RTK(റിയല്‍ടൈം കൈനമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഭൂപ്രദേശവും ഡിജിറ്റല്‍ സര്‍വേ ചെയ്യുന്നത്. ആകാശ കാഴ്ചയിലൂടെ ലഭ്യമാകുന്ന ഇമേജുകള്‍ ഉപയോഗിച്ച് ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കാന്‍ കഴിയുന്ന 10 മുതല്‍ 20 ശതമാനം വരെയുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചും സര്‍വേ നടത്തുന്നുണ്ട്. ഈ രീതികള്‍ ഫലവത്താകാത്ത സ്ഥലങ്ങളില്‍ അത്യാധുനിക സര്‍വേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് മെഷീന്‍ ഉപയോഗിച്ചാണ് മുഴുവന്‍ ഭൂപ്രദേശങ്ങളും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുന്നത്.

ഡിജിറ്റല്‍ ഭൂസര്‍വേ നടത്തുന്നത് വഴി ഭൂമിസംബന്ധമായ വിവരങ്ങള്‍ക്ക് വളരെ കൃത്യതയും സുതാര്യതയും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. ReLis (റവന്യു ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), PEARL (പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് രജിസ്‌ട്രേഷന്‍ ലോസ്), E-MAPS (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ എന്നീ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകുന്നു. കൂടാതെ ഭൂമി സംബന്ധിച്ച വിവരങ്ങളുടെ അപ്‌ഡേഷന്‍ എളുപ്പത്തില്‍ സാധ്യമാകുന്നതിനും വസ്തുക്കളുടെ പോക്കുവരവ് നടപടിക്രമങ്ങള്‍ വളരെ വേഗത്തിലാകുകയും ചെയ്യും.

സര്‍വേ നടപടികളുടെ സാങ്കേതികത്വങ്ങളും നൂലാമാലകളും പരമാവധി കുറച്ച് സേവനങ്ങള്‍ ജനങ്ങളില്‍ വേഗത്തിലെത്തിക്കുക എന്ന കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ ഈ പ്രക്രിയ ആരംഭിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത്. ഡിജിറ്റല്‍ ഭൂസര്‍വേ പൂര്‍ത്തിയാകുന്നതോടെ സര്‍വേ വിവരങ്ങള്‍ ഡിജിറ്റല്‍ രേഖകളുമായി കൂടുതല്‍ ആധുനികവും ആധികാരികവുമായി മാറുമെന്നതില്‍ സംശയമില്ല.

Next Story

RELATED STORIES

Share it