Latest News

ഡെങ്കിപ്പനി; എറണാകുളത്ത് അഞ്ചു വര്‍ഷത്തിനിടെ 85 മരണം

ഡെങ്കിപ്പനി; എറണാകുളത്ത് അഞ്ചു വര്‍ഷത്തിനിടെ 85 മരണം
X

എറണാകുളം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എറണാകുളം ജില്ലയില്‍. റിപോര്‍ട്ട് ചെയ്ത 427 മരണങ്ങളില്‍ 85 മരണങ്ങളും എറണാകുളത്താണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും എറണാകുളമാണ് മുന്‍പില്‍. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാല സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്കുകള്‍ പുറത്തുവന്നത്.

2020ല്‍ മൂന്നു മരണം സ്ഥിരീകരിച്ചപ്പോള്‍ 2022ല്‍ അത് അഞ്ചിരട്ടിയായി. 2023ല്‍ 27ഉം 2024ല്‍ 23 മരണങ്ങളും സ്ഥിരീകരിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 10 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 85 ഡെങ്കിപ്പനി മരണമാണ് എറണാകുളത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാലയളവില്‍, ഇതിലുള്‍പ്പെടാത്ത 15 മരണങ്ങള്‍ ഡെങ്കിപ്പനി മൂലം ആകാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. അങ്ങനെ നോക്കുമ്പോള്‍, മരണസംഖ്യ 100 കടക്കും.

മറ്റു ജില്ലകളില്‍ മരണസംഖ്യ ശരാശരി 15നു താഴെ വരുമ്പോഴാണ്, എറണാകുളം ജില്ലയില്‍ വര്‍ദ്ധിക്കുന്ന ഡെങ്കിപ്പനി മരണം. ആരോഗ്യവകുപ്പ് ദിനംപ്രതി പുറത്തിറക്കുന്ന രേഖയനുസരിച്ച്, ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും എറണാകുളമാണ് മുന്നില്‍. മഴ പെയ്ത ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ദിവസേന 35ലധികം പേര്‍ക്ക് രോഗബാധയുണ്ടായി. ജൂലൈ 16 മുതല്‍ 22 വരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 227. പട്ടിമറ്റം, കളമശ്ശേരി മേഖലകളിലാണ് കൂടുതല്‍ ഡെങ്കിപ്പനി ഈ സമയത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മാലിന്യ സംസ്‌കരണത്തിലെ വീഴ്ചകളും, കൊതുക് വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളുമാണ് ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള പ്രധാന വെല്ലുവിളികളെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it