Latest News

ഡല്‍ഹി മദ്യനയക്കേസ്: കെസിആറിന്റെ മകള്‍ കവിതയെ സിബിഐ ചോദ്യം ചെയ്യുന്നു

ഡല്‍ഹി മദ്യനയക്കേസ്: കെസിആറിന്റെ മകള്‍ കവിതയെ സിബിഐ ചോദ്യം ചെയ്യുന്നു
X

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കുംഭകോണക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി എംഎല്‍സിയുമായ കല്‍വകുന്തല കവിതയെ സിബിഐ ചോദ്യം ചെയ്യുന്നു. സിബിഐ സംഘം ഹൈദരാബാദിലെ കവിതയുടെ വസതിയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ഞായറാഴ്ച രാവിലെ 11ന് ബഞ്ചാര ഹില്‍സിലെ കവിതയുടെ വസതിയില്‍ വനിതാ ഉദ്യോഗസ്ഥയുള്‍പ്പെടെയുള്ള സിബിഐ സംഘമെത്തി. നേരത്തെ കവിതയ്ക്ക് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു നോട്ടീസ് നല്‍കിയിരുന്നു.

ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തോ ഹൈദരാബാദിലെ ഓഫിസിലോ ഹാജരാവാനായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ചോദ്യം ചെയ്യലിന് തന്റെ വസതിയില്‍വച്ച് തയ്യാറാണെന്ന് കവിത നോട്ടീസിന് മറുപടി നല്‍കി. ഇതനുസരിച്ചാണ് ഹൈദരാബാദിലെ കവിതയുടെ വീട്ടില്‍ സിബിഐ സംഘമെത്തിയത്. വീടിന്റെ താഴത്തെ നിലയിലുള്ള ഓഫിസില്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം, ഹൈദരാബാദില്‍ കവിതയെ അനുകൂലിച്ച് ചോദ്യം ചെയ്യലിന് ഒരുദിവസം മുമ്പ് നിരവധി പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. 'പോരാളിയുടെ മകള്‍ ഒരിക്കലും ഭയപ്പെടില്ല', 'ഞങ്ങള്‍ കവിതക്കയ്‌ക്കൊപ്പമുണ്ട്' എന്നിങ്ങനെ മുദ്രാവാക്യവുമായുള്ള പോസ്റ്ററുകളാണ് ഉയര്‍ന്നത്.

കെ കവിതയുടെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ വസതിക്ക് സമീപം പോലിസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അവരുടെ വീടിനടുത്തേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. അടുത്തിടെ ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് പകര്‍പ്പില്‍, എക്‌സൈസ് പോളിസി അഴിമതി നടന്ന കാലത്ത് നിയമസഭാംഗം തന്റെ ഫോണുകളും നമ്പറുകളും മാറ്റിയെന്ന് ആരോപിച്ചിരുന്നു. കേസില്‍ സിബിഐയും സമാന്തര അന്വേഷണമാണ് നടത്തുന്നത്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയും അറസ്റ്റിലായ ഗുരുഗ്രാമിലെ വ്യവസായിയുമായ അമിത് അറോറയുടെ റിമാന്‍ഡ് പകര്‍പ്പില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ടിആര്‍എസ് എംഎല്‍സി കവിത ഉള്‍പ്പെടെ 35 അംഗങ്ങളുമായി അറോറ ബന്ധപ്പെട്ടതായി ഇഡി വ്യക്തമാക്കുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയായി ആരോപിക്കപ്പെടുന്ന അമിത് അറോറ കവിതയുടെ രണ്ട് വ്യത്യസ്ത നമ്പറുകളിലൂടെ കവിതയെ പത്ത് തവണ വിളിച്ചതായി റിമാന്‍ഡ് പകര്‍പ്പില്‍ പറയുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള ബഡ്ഡി റീട്ടെയിലിന്റെ ഡയറക്ടറാണ് അറോറ.

Next Story

RELATED STORIES

Share it