Latest News

പേവിഷ ബാധയേറ്റ് മരണം; സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ ദുരന്തം: എം എം താഹിര്‍

പേവിഷ ബാധയേറ്റ് മരണം; സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ ദുരന്തം: എം എം താഹിര്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയേറ്റുള്ള മരണം ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്നും ഇത് സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ ദുരന്തമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലാണ് ഏറ്റവും ഒടുവിലത്തെ ഇര. പേവിഷ ബാധയേറ്റ് ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) അടുത്ത ദിവസങ്ങളിലായി മരണപ്പെട്ടിരുന്നു.

2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്സിന്‍ എടുത്തശേഷം 22 പേര്‍ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ തന്നെ കണക്ക്. പേവിഷ ബാധയ്ക്കുള്ള വാക്സിനുകളുടെ ഗുണനിലവാരമില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നത്. ഈ വാക്സിനുകള്‍ സംബന്ധിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് വര്‍ത്തമാനകാല ദുരന്തങ്ങള്‍. വാക്സിനുകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനു സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നു മാത്രമല്ല കോര്‍പറേറ്റുകള്‍ക്കു വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് വിട്ടുവീഴ്ച ചെയ്യുന്നതിന്റെ അനന്തരഫലം കീടിയാണിത്. ഈ വിഷയത്തില്‍ ആരോഗ്യമേഖല മാത്രമല്ല, സര്‍ക്കാര്‍ സംവിധാനം ഒന്നടങ്കം പ്രതിക്കൂട്ടിലാണ്. നിലവിലുള്ള മരുന്നുകള്‍ പുനപ്പരിശോധിക്കാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും തയ്യാറാവണം.

സംസ്ഥാനത്ത് 2021 ല്‍ 11, 2022 ല്‍ 27, 2023 ല്‍ 25, 2024 ല്‍ 26 എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ കണക്ക്. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തെരുവുനായ്ക്കള്‍ നാടും നഗരവും കൈയടക്കിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നു. തെരുവുനായ്ക്കളുടെ പ്രജനനം തടയുന്നതിനായി കോടികളാണ് ചെലവഴിക്കുന്നത്. എന്നിരുന്നാലും അവയുടെ വംശവര്‍ധന നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നത് ഖേദകരമാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം എങ്കിലും നിര്‍വഹിച്ചാല്‍ അപകടം ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ആരോഗ്യമേഖല സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ഓരോന്നായി പൊലിഞ്ഞുവീഴുകയാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കൂടാതെ ഇരകളുടെ കുടുംബത്തിന് മതിയായ ആശ്വാസ ധനം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും എം എം താഹിര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it