Big stories

ന്യൂസിലന്‍ഡില്‍ ആഞ്ഞടിച്ച് ഗബ്രിയേല്‍ ചുഴലിക്കാറ്റ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂസിലന്‍ഡില്‍ ആഞ്ഞടിച്ച് ഗബ്രിയേല്‍ ചുഴലിക്കാറ്റ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X

ഒക്‌ലന്‍ഡ്: ഗബ്രിയേല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. വടക്കന്‍ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയതായി എമര്‍ജന്‍സി മാനേജ്‌മെന്റ് മന്ത്രി കീറന്‍ മക്അനുള്‍ട്ടി പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ദേശീയ പ്രഖ്യാപനത്തില്‍ മന്ത്രി കീറന്‍ മക്അനുള്‍ട്ടി ഒപ്പുവച്ചത്. കനത്ത നാശനഷ്ടമാണ് രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

നോര്‍ത്ത്‌ലാന്‍ഡ്, ഓക്ക്‌ലന്‍ഡ്, തൈരാവിത്തി, ബേ ഓഫ് പ്ലെന്റി, വൈകാറ്റോ, ഹോക്‌സ് ബേ എന്നീ മേഖലകളിലാണ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത്. കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ അമ്പതിനായിരത്തോളം പേര്‍ക്ക് വൈദ്യുതി മുടങ്ങി. നിരവധി വീടുകളാണ് ഇവിടെ തകര്‍ന്നത്. ഔദ്യോഗിക കണക്ക് പ്രകാരം അമ്പതിനായരത്തോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. യഥാര്‍ഥ കണക്ക് അതിലുമേറെ വരുമെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഓക്ലന്‍ഡിന് സമീപമുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രൂക്ഷമാണ്. തീരമേഖലകളില്‍ പലയിടത്തും റോഡുകളില്‍ വെള്ളം കയറി. ഉയര്‍ന്ന തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറി. വീടുകള്‍ക്ക് മേല്‍ പലയിടത്തും കൂറ്റന്‍ മരങ്ങള്‍ വീണു. ജീവന്‍ രക്ഷിക്കാനായി ഇവിടത്തെ ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ആളുകള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ അഭയം തേടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്നും നാളെയും കനത്ത മഴയാണ് ന്യൂസിലാന്‍ഡ് കാലാവസ്ഥാ കേന്ദ്രമായ മെറ്റ് സര്‍വീസ് പ്രവചിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗബ്രിയേല ചുഴലികാറ്റ് ഭീഷണി ശക്തമായി തുടരുകയാണ്. ഒരാഴ്ച മുമ്പ് ഓക്ക്‌ലാന്‍ഡില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാല് പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗബ്രിയേല്‍ ചുഴലിക്കാറ്റും കനത്തനാശം വിതയ്ക്കുന്നത്. 'അഭൂതപൂര്‍വമായ കാലാവസ്ഥാ സംഭവം' എന്നാണ് മിസ്റ്റര്‍ മക്അനുള്‍ട്ടി കൊടുങ്കാറ്റിനെ വിശേഷിപ്പിച്ചത്.

Next Story

RELATED STORIES

Share it