Latest News

വിദ്യാര്‍ഥിനികള്‍ക്ക് കുസാറ്റ് ആര്‍ത്തവ അവധി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

വിദ്യാര്‍ഥിനികള്‍ക്ക് കുസാറ്റ് ആര്‍ത്തവ അവധി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹം: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
X

കോഴിക്കോട്: വിദ്യാര്‍ഥിനികള്‍ക്ക് കുസാറ്റ് ആര്‍ത്തവ അവധി പ്രഖ്യാപിച്ചത് സ്വീകാര്യമായ തീരുമാനമാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് (പ്രസിഡന്റ് ജബീന ഇര്‍ഷാദ് അഭിപ്രായപ്പെട്ടു. ഭൂരിഭാഗം സ്ത്രീകളും ആര്‍ത്തവ ദിനങ്ങളില്‍ കഠിനമായ വേദനയും പ്രയാസവും അനുഭവിക്കുന്നവരാണ്. സ്‌കൂളിലും കോളജിലും പോവുന്ന വിദ്യാര്‍ഥിനികള്‍ മാത്രമല്ല, വിവിധ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നവരും എന്തിനധികം വീട്ടകങ്ങളില്‍ രാപ്പകല്‍ ഭേദമന്യെ വിശ്രമമില്ലാതെ പണിയെടുക്കുന്ന സ്ത്രീകളുമൊക്കെ ആ ദിനങ്ങളില്‍ സാധാരണ ദിനങ്ങളിലനുഭവിക്കുന്നതിന്റെ പതിന്‍മടങ്ങ് ജോലിഭാരവും ശാരീരിക പ്രയാസങ്ങളും മാനസിക പിരിമുറുക്കവും അനുഭവിക്കുന്നവരാണ്. കൂടെ ജീവിക്കുന്നവരുടെ സ്‌നേഹവും കരുതലുമൊക്കെ ഓരോ സ്ത്രീക്കും ഏറെ ആവശ്യമാവുന്ന ദിനങ്ങള്‍ കൂടിയാണത്.

വിദ്യാര്‍ഥിനികള്‍ക്ക് ലീവനുവദിച്ച് കുസാറ്റ് നടത്തിയ നീക്കം ചരിത്രപരമായി അടയാളപ്പെടുത്തേണ്ടത് തന്നെയാണ്. അത് തൊഴിലിടങ്ങളിലേക്കും മറ്റ് മേഖലകളിലേക്കും വ്യാപിക്കേണ്ടതുമുണ്ട്. എന്നാല്‍, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആര്‍ത്തവകാരിയെ പൊതുവിടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന ജീര്‍ണതകളിലേക്കുള്ള തിരിച്ചുപോക്കായി അത് മാറാതിരിക്കാന്‍ ജാഗ്രത വേണം. ഈ ദിനങ്ങള്‍ പ്രയാസങ്ങളില്ലാതെ കടന്നുപോവുന്നവര്‍ക്ക് അവധിയെടുക്കാതെ കാര്യങ്ങളില്‍ ഏര്‍പ്പെടാനും കഴിയണം. വിദ്യാര്‍ഥിനികള്‍ക്ക് ഇത്തരം അവധികളിലൂടെ നഷ്ടപ്പെടുന്ന ക്ലാസുകള്‍ വീണ്ടെടുക്കാനുള്ള സംവിധാനവുമുണ്ടാവേണ്ടതുണ്ടെന്ന് ജബീന ഇര്‍ഷാദ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it