Latest News

കണ്ണൂര്‍ പുതിയതെരു, താഴെചൊവ്വ ഹൈവേയ്ക്ക് ശാപമോക്ഷം

കണ്ണൂര്‍ പുതിയതെരു, താഴെചൊവ്വ ഹൈവേയ്ക്ക് ശാപമോക്ഷം
X

കണ്ണൂര്‍: ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഇടപെടലിനെത്തുടര്‍ന്ന് കണ്ണൂര്‍ പുതിയതെരു താഴെചൊവ്വ ഹൈവേയില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി.

കണ്ണൂര്‍ പുതിയതെരു താഴെചൊവ്വ ഹൈവേയില്‍ മീഡിയനുകളുടെ തകര്‍ച്ചയും റോഡ് റിഫ്‌ലക്ടറുകളുടെ അഭാവവും മൂലം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ചൂണ്ടിക്കാട്ടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ തീരുമാനമായത്.

പുതിയ ഹൈവേ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ള കമ്പനിയോടാണ് നിലവിലെ റോഡിലെ മീഡിയനുകള്‍ പുനര്‍നിര്‍മ്മിച്ച് മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള റിഫ്‌ലക്റ്ററുകള്‍ സ്ഥാപിക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ പുതിയതെരു താഴെചൊവ്വ ഹൈവേയിലെ മീഡിയനുകള്‍ പലഭാഗത്തും തകര്‍ന്നു കിടക്കുന്നതും മീഡിയനുകളില്‍ വേണ്ടത്ര റിഫ്‌ലക്ടറുകള്‍ ഇല്ലാത്തതും വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി സഞ്ചരിക്കുന്ന 15 കിലോമീറ്ററോളം ദൂരമുള്ള ഈ ഭാഗത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ റോഡ് അപകടങ്ങളില്‍പ്പെട്ട് മുപ്പതിലധികം പേര്‍ക്ക് ജീവഹാനിയും നിരവധി പേര്‍ക്ക് ശാരീരിക വൈകല്യങ്ങളും സംഭവിച്ചിട്ടുണ്ട്.

മീഡിയനുകള്‍ പുതുക്കി പണിത് റിഫ്‌ലക്ടറുകള്‍ സ്ഥാപിക്കുന്നതിനും മറ്റും വേണ്ടി സ്ഥലപരിശോധന നടത്തി റിപോര്‍ട്ട് തയ്യാറാക്കുന്നതിലേക്കായി എന്‍എച്ച്എഐയുടെയും കണ്‍സള്‍ട്ടന്റിന്റെയും ഹൈവേ നിര്‍മ്മാണം ഏറ്റെടുത്ത കരാര്‍ കമ്പനിയുടെയും ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെയും പ്രതിനിധികള്‍ അടങ്ങുന്ന സംയുക്തസംഘം ജൂലൈ 6, ബുധനാഴ്ച്ച സ്ഥലത്ത് പരിശോധന നടത്തും.

Next Story

RELATED STORIES

Share it