Latest News

സഹകരണ ബാങ്കുകളുടെ സഞ്ചിത നിധി രൂപീകരിക്കുന്നു

സഹകരണ ബാങ്കുകളുടെ സഞ്ചിത നിധി രൂപീകരിക്കുന്നു
X

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കുന്നു. നിക്ഷേപം തിരിച്ചുനല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രതിസന്ധി ഉടനടി പരിഹരിക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കൃത്യമായ വ്യവസ്ഥകളോടെ പദ്ധതി തയ്യാക്കിയിരിക്കുന്നത്. പ്രതിസന്ധിയില്‍പ്പെട്ട സ്ഥാപനങ്ങളെ ഓരോന്നായി എടുത്ത് പഠനം നടത്തി പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും. അഭിലഷണീയ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. ഇതിനാവശ്യമായ നിയമ ഭേദഗതി സമഗ്ര നിയമത്തില്‍ ഉള്‍പ്പെടുത്തും.

പ്രതിസന്ധിയില്‍പ്പെട്ട സംഘങ്ങളെ സര്‍ക്കാര്‍ ഇടപെട്ട് കൃത്യമായ രൂപരേഖ തയ്യാറാക്കി മികവുറ്റ സ്ഥാപനമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുക. ഇതിനായാണ് സഞ്ചിത നിധി രൂപീകരിക്കുന്നത്. ഇതോടൊപ്പം നിലവിലുള്ള ഡിപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി പ്രതിസന്ധിയില്‍പ്പെട്ട സഹകരണ ബാങ്കുകളെ സഹായിക്കുകയും ചെയ്യും. ഭാവിയില്‍ കേരളത്തിലെ ഒരു സഹകരണ സ്ഥാപനവും തകര്‍ച്ചയിലേക്ക് വഴുതിപ്പോകാത്ത തരത്തിലുള്ള വ്യവസ്ഥകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി സഹകരണ നിയമത്തിലും, ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. സഹകരണ മേഖലയിലെ നിക്ഷേപവും, നിക്ഷേപകരുടെയും സഹകാരികളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ഉറപ്പുവരുത്തും.

സംസ്ഥാനത്തെ ഏതാനും സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണിതെന്ന് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിക്ഷേപം തിരിച്ചുനല്‍കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുക വഴി സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും ഈ സ്ഥാപനങ്ങളെ മികവുറ്റവതാക്കാനുമുള്ള കര്‍മപരിപാടിയാണ് നടപ്പാക്കുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ മിച്ചധനവും, കരുതല്‍ ധനവും പൊതുധാരണയുടെ അടിസ്ഥാനത്തില്‍ സ്വരൂപിച്ചാണ് സഞ്ചിത നിധി രൂപീകരിക്കുന്നത്. ഇതിലേക്കായി സഹകരണ ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും.

സംഘങ്ങളുടെ സഹകരണത്തോടെ രൂപീകരിക്കുന്ന സഹകരണ സംരക്ഷണ നിധി, കേരളത്തിലെ സഹകരണ മേഖലയുടെ പൊതുവായ വികസനത്തിനും, പ്രതിസന്ധിയിലായതും, പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്ന് ഉത്തമ ബോധ്യമുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിസന്ധി തരണം ചെയ്യുന്നതിനായും ഉപയോഗിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നിധിയിലേക്ക് ലഭ്യമാകുന്ന തുകയ്ക്ക് സംഘങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന പലിശ വരുമാനം ഉറപ്പുവരുത്തും. നിധിയിലേക്ക് മുതല്‍ക്കൂട്ടുന്ന തുക ഒരു നിശ്ചിത കാലപരിധിയ്ക്ക് ശേഷമോ സംഘങ്ങള്‍ക്ക് അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോഴോ പലിശയടക്കം തിരികെ നല്‍കുന്നതിനും വ്യവസ്ഥ ചെയ്യും. ഇതിലേക്കായി വിശദമായ സ്‌കീം തയ്യാറാക്കും.

നിധിയില്‍ നിന്നും വിനിയോഗിക്കുന്ന തുകയുടെ വിനിയോഗവും തിരിച്ചടവും ഉറപ്പുവരുത്തുന്നതിനായി സംഘം തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും. ഇത്തരത്തിലുള്ള കമ്മിറ്റികളില്‍ സഹകാരികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, കേരള ബാങ്ക് ഉദ്യോഗസ്ഥര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രതിനിധി, സംസ്ഥാന സഹകരണ യൂണിയന്‍ പ്രിതിനിധി, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തും. കുറഞ്ഞത് 500 കോടി രൂപ സഞ്ചിത നിധിയിലേക്ക് സംഭരിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

നിലവിലുള്ള നിക്ഷേപ ഗ്യാരന്റി ബോര്‍ഡിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നിക്ഷേപകര്‍ക്ക് പരമാവധി 2 ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് നിക്ഷേപ ഗ്യാരന്റി ബോര്‍ഡിലൂടെ ലഭ്യമാക്കുന്നത്. സംഘം ലിക്വിഡേറ്റ് ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇത്തരത്തില്‍ തുക നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തി പ്രതിസന്ധി ഘട്ടങ്ങളില്‍ 5 ലക്ഷം രൂപവരെയുള്ള നിക്ഷേപം നിക്ഷേപകര്‍ക്ക് തിരികെ ലഭ്യമാക്കുന്ന തരത്തില്‍ നിക്ഷേപ ഗ്യാരന്റി ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it