Latest News

സിപിഎം ഫണ്ട് തിരിമറി ആരോപണം; വി കുഞ്ഞികൃഷ്ണന്റേത് വാസ്തവ വിരുദ്ധമായ ആരോപണമെന്ന് എം വി ജയരാജന്‍

സിപിഎം ഫണ്ട് തിരിമറി ആരോപണം; വി കുഞ്ഞികൃഷ്ണന്റേത് വാസ്തവ വിരുദ്ധമായ ആരോപണമെന്ന് എം വി ജയരാജന്‍
X

കണ്ണൂര്‍: വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. പണാപഹരണം ആരും നടത്തിയിട്ടില്ലെന്നും വരവ് ചെലവ് കണക്ക് പാര്‍ട്ടി കമ്മറ്റിയില്‍ അവതരിപ്പിക്കാന്‍ വൈകി എന്നത് മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

കെ വി കുഞ്ഞികൃഷ്ണന്‍ ചെയ്തത് പാര്‍ട്ടിയെ തിരുത്താനുള്ള നടപടിയല്ലെന്നും എലിയെ പിടിക്കാന്‍ ഇല്ലം ചുടുകയല്ല വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. പിണറായി വിജയനും എം വി ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനും തെറ്റിന് കൂട്ട് നില്‍ക്കുമെന്ന് ആരും കരുതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം ഉയര്‍ന്നത്. 'തന്റെ മുന്നില്‍ ആദ്യമായി വരുന്നത് ധന്‍രാജ് രക്തസാക്ഷി ഫണ്ടല്ല. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ കുടുംബത്തെ അനാഥമാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.'എന്നായിരുന്നു വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍.

ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചില്ല. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചപ്പോള്‍ വിചിത്രമായ കണക്കാണ് തനിക്ക് ലഭിച്ചതെന്നും ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it