Latest News

വയനാട് ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ എത്തി: ആദ്യഘട്ട വിതരണം 16ന്

വയനാട് ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ എത്തി: ആദ്യഘട്ട വിതരണം 16ന്
X

വയനാട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി ആദ്യഘട്ട വിതരണത്തിനുള്ള കൊവിഡ് വാക്‌സിന്‍ വയനാട് ജില്ലയില്‍ എത്തി. കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറില്‍ നിന്ന് 9,590 ഡോസ് കൊവിഡ് 19 വാക്‌സിന്‍ (കോവിഷീല്‍ഡ്) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ജില്ലാ വാക്‌സിന്‍ സ്‌റ്റോറില്‍ എത്തിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ ജോയ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, എം സി എച് ഓഫീസര്‍ ജോളി ജെയിംസ്, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൗമിനി എന്നിവര്‍ ചേര്‍ന്ന് വാക്‌സിന്‍ ഏറ്റുവാങ്ങി.

16 മുതല്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 9 കേന്ദ്രങ്ങളില്‍ വെച്ച് വാക്‌സിനേഷന്‍ നടത്തും. ജില്ലാ ആശുപത്രി മാനന്തവാടി, താലൂക്ക് ആശുപത്രി ബത്തേരി, വൈത്തിരി, കുടുംബാരോഗ്യ കേന്ദ്രം അപ്പപ്പാറ, പ്രാഥമികാരോഗ്യകേന്ദ്രം കുറുക്കന്‍മൂല, സാമൂഹിക ആരോഗ്യ കേന്ദ്രം പുല്‍പ്പള്ളി, പ്രാഥമികാരോഗ്യകേന്ദ്രം വരദൂര്‍, കുടുംബാരോഗ്യ കേന്ദ്രം പൊഴുതന എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും മേപ്പാടി വിംസ് സ്വകാര്യ മെഡിക്കല്‍ കോളേജുമാണ് വിതരണ കേന്ദ്രങ്ങള്‍ ആയി തിരഞ്ഞെടുത്തത്.

12,010 പേരാണ് ഇതുവരെ ജില്ലയില്‍ വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തത്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മുന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും.

ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. വാക്‌സിന്‍ എത്തിയത് ആശ്വാസകരമാണെന്നും അടുത്ത ദിവസം തന്നെ വിതരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിക്കുമെന്നും ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ പറഞ്ഞു.

ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

Next Story

RELATED STORIES

Share it