Latest News

കൊവിഡ് വാക്്‌സിന്‍: ഇന്ത്യ വളരെ വൈകിപ്പോയി; വാക്‌സിന്‍ ഗവേഷണത്തില്‍ പണം നിക്ഷേപിക്കണമായിരുന്നെന്ന് വൈറോളജി വിദഗ്ധ

കൊവിഡ് വാക്്‌സിന്‍: ഇന്ത്യ വളരെ വൈകിപ്പോയി; വാക്‌സിന്‍ ഗവേഷണത്തില്‍ പണം നിക്ഷേപിക്കണമായിരുന്നെന്ന് വൈറോളജി വിദഗ്ധ
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുവേണ്ടി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ വളരെ വൈകിപ്പോയെന്ന വിമര്‍ശനവുമായി ലോകപ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഗംഗദീപ് കാങ്. മെഡിക്കല്‍ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി രൂപം കൊടുത്ത കമ്മറ്റിയിലെ അംഗമാണ് ഡോ. കാങ്.

മറ്റ് രാഷ്ട്രങ്ങള്‍ ഒരു വര്‍ഷത്തെ റിസ്‌ക് എടുത്ത് പണം മുടക്കിയാണ് വാക്‌സിന്‍ വാങ്ങുന്നത്. ഇപ്പോള്‍ വാക്‌സിനുവേണ്ടി ശ്രമിക്കുമ്പോള്‍ ആഗോള മാര്‍ക്കറ്റില്‍ വാക്‌സിന്‍ ലഭ്യമാണോ എന്നവര്‍ ആശങ്ക പ്രകടിപ്പിച്ചു.

കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര, യുപി, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ആഗോള മാര്‍ക്കറ്റില്‍ നിന്ന് വാക്‌സിന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചുകൊണ്ട് ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് ഡോ. കാങിന്റെ പ്രതികരണം.

സിഡസ് കാഡില, ബയോളജിക്കല്‍ ഇ പോലുള്ള കമ്പനികള്‍ വാക്‌സിന്‍ ഗവേഷണത്തില്‍ മുഴുകിയിരിക്കുന്നുണ്ടെന്നും അതില്‍ പണം മുടക്കി വലിയ ഓര്‍ഡറുകള്‍ ഇപ്പോഴേ ചെയ്യുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു. അത്തരമൊരു റിസ്‌ക് എടുക്കാതെ വാക്‌സിന്‍ ലഭിക്കില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

വാക്‌സിന്‍ നയത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുവേണ്ടി പണം മുടക്കാന്‍ തയ്യാറില്ലാത്തത് വലിയ പ്രശ്‌നമാണ്. ഇത്തരം പ്രോജക്റ്റുകളില്‍ ഇപ്പോള്‍ പണം മുടക്കുകയാണെങ്കില്‍ അത് ശാസ്്ത്രവികാസത്തിന് പണം മുടക്കുമെന്ന ധാരണ സൃഷ്ടിക്കും. അത് നല്ലതാണ്. അമേരിക്ക തുടക്കത്തില്‍ തന്നെ റാപ് സ്പീഡ് എന്ന പേരില്‍ കൊവിഡ് വാക്‌സിനുവേണ്ടി 1000 കോടി ഡോളര്‍ പണം മുടക്കിയിരുന്നു. കൂടാതെ 700 ദശലക്ഷം ഡോസ് വാക്‌സിനും ഓര്‍ഡര്‍ ചെയ്തു. ഇതൊക്കെ കൊടുത്തുതീര്‍ത്തതിനുശേഷം മാത്രമേ ഇന്ത്യക്ക് വാക്‌സിന്‍ ലഭിക്കുകയുള്ളു-ഡോ. കാങ് വ്യക്തമാക്കി.

വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും ലോബിയിങിനും വേണ്ടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്ന് അമേരിക്കയിലേക്ക് പോകുന്നുണ്ട്. അവിടെ അദ്ദേഹം മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. യുഎസ് സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ട്‌റസ്സിനെയും കാണുന്നുണ്ട്. നാല് ദിവസം മന്ത്രി യുഎസ്സിലുണ്ടാവും. വാക്സിനുമായി ബന്ധപ്പെട്ട് രണ്ട് ബിസിനസ് സംഘടനകളുമായി ജയ്ശങ്കര്‍ സംസാരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it