Latest News

കൊവിഡ്: യുപിയില്‍ ഗോശാലകളിലേക്ക് തെര്‍മല്‍ സ്‌കാനറുകളും ഓക്‌സിമീറ്ററുകളും അനുവദിച്ചു

കൊവിഡ്: യുപിയില്‍ ഗോശാലകളിലേക്ക് തെര്‍മല്‍ സ്‌കാനറുകളും ഓക്‌സിമീറ്ററുകളും അനുവദിച്ചു
X

ലഖ്‌നോ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുപിയിലെ ഗോശാലയിലേക്ക് യോഗി ആദിത്യനാഥ് ഭരണകൂടം തെര്‍മല്‍ സ്‌കാനറുകളും ഓക്‌സിമീറ്ററുകളും അനുവദിച്ചു. അതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്ന ഉടന്‍ ഉദ്യോഗസ്ഥര്‍ ഗോശാലകളിലെ ജീവനക്കാര്‍ക്കുവേണ്ടിയാണ് ഉപകരണങ്ങള്‍ അനുവദിച്ചതെന്ന വിശദീകരണവുമായി രംഗത്തെത്തി.

സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനും ആരോഗ്യസംരക്ഷണത്തിനും ജില്ലാ അടിസ്ഥാനത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

എല്ലാ ഗോശാലകളിലും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഗോശാലകളില്‍ ഓക്‌സിമീറ്ററുകളും സ്‌കാനറുകളും ഉപയോഗിച്ച് മൃഗങ്ങളെ പരിശോധിക്കണമെന്നും വ്യക്തമാക്കുന്നു.

പശുക്കളുടെ മാത്രം സുരക്ഷക്കായി 700 ഹെല്‍പ്പ് ഡെസ്‌കുകളാണ് സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുള്ളത്. മൃഗസുരക്ഷക്കായി 51 ഓക്‌സിമീറ്ററുകളും 341 തെര്‍മല്‍ സ്‌കാനറുകളുമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.

അലഞ്ഞുനടക്കുന്ന പശുക്കളെ പാര്‍പ്പിക്കാന്‍ ഗോശാലകള്‍ സജ്ജീകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. അതുപ്രകാരം ഏതാനും ഗോശാലകളും സജ്ജീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇപ്പോള്‍ ഇത്തരത്തിലുള്ള 5,268 ഗോശാലകളുണ്ട്. അവയില്‍ 5,73,417 പശുക്കളെയും പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ അലഞ്ഞുതിരഞ്ഞുനടക്കുന്ന പശുക്കള്‍ക്ക് വൈക്കോലും വെളളവും നല്‍കുന്ന 3,452 കേന്ദ്രങ്ങളുണ്ട്.

മുഖ്യമന്ത്രി ബെസഹര സൗവന്‍ഷ് സൗഭാഗിത യോജനയനുസരിച്ചാണ് ഗോസംരക്ഷണ നടപടികള്‍ പരോഗമിക്കുന്നത്.

Next Story

RELATED STORIES

Share it