Latest News

കൊവിഡ് കാലത്ത് സുരക്ഷിത യാത്ര: കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസിന് തുടക്കം

കൊവിഡ് കാലത്ത് സുരക്ഷിത യാത്ര: കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസിന് തുടക്കം
X

കല്‍പ്പറ്റ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താനായി കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വീസിന് വയനാട് ജില്ലയില്‍ തുടക്കം. ബത്തേരി ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച ആദ്യ ബോണ്ട് സര്‍വീസിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ ഡോ. അദീലാ അബ്ദുല്ലയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു. നിശ്ചിത ദിവസത്തേക്ക് മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന ബോണ്ട് ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ചാണ് യാത്ര സൗകര്യം ഒരുക്കുന്നത്. 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂട്ടി അടച്ച് കാര്‍ഡുകള്‍ എടുക്കാം. 10 ദിവസങ്ങളിലേക്കുള്ള പണമടച്ച് കാര്‍ഡ് വാങ്ങുന്നവര്‍ക്ക് തുടര്‍ന്നുള്ള 20 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്താല്‍ മതി. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ബോണ്ട് സംവിധാനം ലഭ്യമാവും. ഇവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ നിന്ന് തന്നെ ബസ് കയറാനും ഇറങ്ങാനുമുള്ള സൗകര്യമൊരുക്കും. ബസ് റൂട്ടാണെങ്കില്‍ ബസ് സ്റ്റോപ്പില്‍ പോവാതെ സ്വന്തം വീടിന് സമീപത്തു നിന്നും കയറാം. യാത്രക്കാര്‍ക്ക് ബസില്‍ സൗജന്യ വൈഫൈ ലഭിക്കും. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യവും ലഭിക്കും. മറ്റു യാത്രക്കാരെ ബസ്സില്‍ അനുവദിക്കാത്തതിനാല്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ ഉണ്ടാവില്ല.

നിലവില്‍ ബത്തേരിയില്‍ നിന്നു കല്‍പ്പറ്റയിലേക്കാണ് ബോണ്ട് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. ബത്തേരി- പുല്‍പള്ളി, മാനന്തവാടി -കല്‍പ്പ, പുല്‍പള്ളി - കേണിച്ചിറ, അമ്പലവയല്‍-മീനങ്ങാടി-സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ റൂട്ടുകളിലേക്കും സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് കോ-ഓഡിനേറ്റര്‍ സി കെ ബാബു അറിയിച്ചു. ബോണ്ട് സര്‍വീസ് യാത്ര ഉപയോഗിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ബോര്‍ഡ് മെംബര്‍ സി എം ശിവരാമന്‍, നോര്‍ത്ത് സോണ്‍ സോണല്‍ ഓഫിസര്‍ സി വി രവീന്ദ്രന്‍, കല്‍പ്പറ്റ എടിഒ പി കെ പ്രശോഭ്, ബത്തേരി എടിഒ കെ ജയകുമാര്‍, ആര്‍ടിഒ എസ് മനോജ് പങ്കെടുത്തു.

Covid: KSRTC's bond services starts in Wayanad


Next Story

RELATED STORIES

Share it