Latest News

കൊവിഡ്19: കൊണ്ടോട്ടി താലൂക്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ്19: കൊണ്ടോട്ടി താലൂക്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍
X

കൊണ്ടോട്ടി: കൊണ്ടോട്ടി താലൂക്ക് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും കൊവിഡ് 19 രോഗവ്യാപന സാധ്യത തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. താലൂക്കിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രയില്‍ നിയന്ത്രണമുണ്ട്. ബാങ്കുകളില്‍ 50 ശതമാനം ജീവനക്കാരെ മാത്രമേ ഉപയോഗിക്കാവൂ. റേഷന്‍ സംവിധാനം കൈപ്പറ്റുന്നതിലും നിയന്ത്രണങ്ങളുണ്ട്.

കൊണ്ടോട്ടി താലൂക്ക് നിയന്ത്രണങ്ങള്‍/ വ്യവസ്ഥകള്‍

*കണ്ടെയ്ന്‍മെന്‍ സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിതമായി പരിമിതപ്പെടുത്തി

*മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.

*10 വയസിന് താഴെയുള്ളവര്‍ , 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങരുത്.

*അവശ്യവസ്തുക്കള്‍ വാങ്ങിക്കാന്‍ പോവുന്നവര്‍ നിര്‍ബന്ധമായും കയ്യില്‍ റേഷന്‍ കാര്‍ഡ് കരുതണം.

*ഹൈവേയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ പ്രദേശ പരിധിയില്‍ നിര്‍ത്തരുത്. അവശ്യവസ്തുക്കള്‍ കൊണ്ട് പോകുന്നതിനുള്ള വാഹനങ്ങളുടെ (ചരക്കു വാഹനങ്ങള്‍) ഗതാഗതം അനുവദിക്കും.

*രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് വരെ നൈറ്റ് കര്‍ഫ്യൂ നിലനില്‍ക്കും

*കൊവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ , അവശ്യ സേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുളളു.

* മറ്റ് പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണം.

* ബാങ്കുകള്‍ക്ക് 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിപ്പിക്കാം. എ.ടി.എം പ്രവര്‍ത്തിപ്പിക്കാം

* ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ , സ്വകാര്യ സ്ഥാപനങ്ങള്‍ , അക്ഷയ എന്നിവ പ്രവര്‍ത്തിപ്പിക്കരുത്. മെഡിക്കല്‍ ലാബ്, മീഡിയ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

*മത്സ്യമാംസ വില്‍പന കര്‍ശമായി നിരോധിച്ചു. പാല്‍, പത്രം എന്നിവ വിതരണം ചെയ്യാം.

* റേഷന്‍ കടകള്‍, ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ തുറക്കാവൂ.

*തിങ്കള്‍ , ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് മാത്രം യാത്ര അനുവദിക്കും.

*റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല.

*ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസിന് മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെ അനുമതി ഉണ്ടായിരിക്കും. ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തണം.

*സ്ഥാപനങ്ങളുടെ അകത്ത് ഒരു സമയത്ത് പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളു.

*സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാകലം പാലിക്കുന്നതിന് ക്യൂ സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങള്‍ രേഖപ്പെടുത്തണം. സാനിറ്റൈസര്‍ / സോപ്പുപയോഗിച്ച് കൈ കഴുകാനുളള സൗകര്യമുണ്ടാവണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കരുത്.

*നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കും.

മറ്റ് നിബന്ധനകള്‍

*പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കാം. യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പെട്രോള്‍ പമ്പുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

*വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പരമാവധി 20 ആളുകള്‍ക്ക് മാത്രമേ ഒത്തു കൂടാന്‍ അനുമതിയുള്ളൂ. ആരാധനാലയങ്ങള്‍ തുറക്കരുത്.

*രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ പാടില്ല.

*കായിക കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍, ടര്‍ഫ് / മൈതാനത്തിലുള്ള കളികള്‍ എന്നിവ നിരോധിച്ചു.

*നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ തുടരാന്‍ അനുവദിക്കും.

*ഞായറാഴ്ച ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല.

Next Story

RELATED STORIES

Share it