Latest News

ഇസ്‌ലാഹി സെന്റര്‍ ജിദ്ദ നാല്‍പ്പതാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു

ഇസ്‌ലാഹി സെന്റര്‍ ജിദ്ദ നാല്‍പ്പതാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു
X

ജിദ്ദ: 'നന്മയില്‍ നാല്‍പ്പതാണ്ട്' എന്ന തലകെട്ടില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിക്കുന്ന നാല്‍പ്പതാം വാര്‍ഷിക പരിപാടികളുടെ ലോഗോ പ്രകാശനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും മലയാളം ന്യൂസ്, ന്യൂസ് എസിറ്ററുമായ മുസാഫിര്‍ നിര്‍വ്വഹിച്ചു. ഇസ്‌ലാഹി സെന്ററിന്റെ പ്രവര്‍ത്തനം തന്റെ പ്രവാസത്തിന്റെ തുടക്കം മുതല്‍ വീക്ഷിക്കുന്നുണ്ടെന്നും മതപ്രബോധനത്തോടൊപ്പം തന്നെ സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ജിദ്ദാ സമൂഹത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ടെന്നും ലോഗോ പ്രകാശനം നിര്‍വ്വഹിച്ച് കൊണ്ട് മുസാഫിര്‍ പറഞ്ഞു.

ഇസ്‌ലാഹി സെന്റര്‍ യുവജനവിഭാഗമായ ഫോക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും, സെന്റര്‍ സ്ഥാപക നേതാവായിരുന്ന പരേതനായ പ്രൊഫ. കെ മുഹമ്മദിനെ പോലെ ധിഷണയുള്ള നേതാക്കളുടെ വിടവ് ഇന്നും ജിദ്ദ പ്രവാസലോകത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല്‍പത് വര്‍ഷം മുമ്പ് തുടങ്ങിയതിനേക്കാള്‍ ആവേശത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും ഇനിയും മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു കുതിക്കാനാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

നാല്പതാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന ദരിദ്ര മേഖലകളില്‍ 40 കുഴല്‍ കിണറുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ പ്രസ്താവിച്ചു. കൂടുതല്‍ പദ്ധതികളും പരിപാടികളും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്ററിന്റെ നാല്‍പത് വര്‍ഷത്തെ പ്രയാണത്തിലെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ സെന്റര്‍ സ്ഥാപക അംഗം കൂടിയായ ട്രഷറര്‍ സലാഹ് കാരാടന്‍ വിവരിച്ചു. ജിദ്ദയിലെ ആദ്യ മദ്രസ, സ്വകാര്യ സിബിഎസ്‌സി സ്‌കൂള്‍, ആദ്യ വനിതാ സംഘടനയായ ഇന്ത്യന്‍ വിമന്‍സ് ഓര്‍ഗനൈസേഷന്‍, ഇസ് പാഫ് തുടങ്ങി ജിദ്ദ സമൂഹത്തെ സ്വാധീനിച്ച വിവിധ സംരംഭങ്ങള്‍ക്ക് തുടക്കംകുറിച്ചത് ഇസ്‌ലാഹി സെന്ററില്‍ നിന്നായിരുന്നു എന്ന് അദ്ദേഹം ഓര്‍ത്തെടുത്തു.

സെന്ററിന്റെ ദൗത്യവും പ്രയാണവും എന്ന വിഷയത്തില്‍ ലിയാഖത്ത് അലിഖാന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഷക്കീല്‍ ബാബു നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it