Latest News

താനൂര്‍-തെയ്യാല മേല്‍പ്പാല നിര്‍മ്മാണം: സംസ്ഥാനം റെയില്‍വേക്ക് നല്‍കാനുള്ള പണം നല്‍കിയില്ല, നിര്‍മ്മാണത്തെ ബാധിക്കും

താനൂര്‍-തെയ്യാല മേല്‍പ്പാല നിര്‍മ്മാണം: സംസ്ഥാനം റെയില്‍വേക്ക് നല്‍കാനുള്ള പണം നല്‍കിയില്ല, നിര്‍മ്മാണത്തെ ബാധിക്കും
X

താനൂര്‍: താനൂര്‍-തെയ്യാല റോഡിലെ റെയില്‍വേ ലെവല്‍ ക്രോസിലെ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെക്ക് നല്‍കാനുള്ള പണം സംസ്ഥാനം ഇതുവരെയും നല്‍കിയില്ല. റെയില്‍വേയുടെ അധീനതയിലുള്ള ഭാഗത്ത് മേല്‍പ്പാലം നിര്‍മ്മിക്കേണ്ടത് റെയില്‍വെയാണ്. ഇതിന് ആര്‍ഡിബിസി 7.03 കോടി രൂപ സതേണ്‍ റെയില്‍വെക്ക് അടക്കേണ്ടതുണ്ട്. സതേണ്‍ റെയില്‍വെയുടെ നിര്‍മ്മാണ വിഭാഗം ഈ ഫണ്ടിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം തുക ലഭിച്ചാല്‍ മാത്രമേ റെയില്‍വെക്ക് കരാറുകാരനോട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ പറയാന്‍ കഴിയുകയുള്ളൂ.

തെയ്യാല റെയില്‍വേ ഗേറ്റ് തുറക്കണം എന്നാവശ്യപ്പെട്ട് സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് മെയ് ഒമ്പതാം തിയ്യതി ഇ ടി മുഹമ്മദ് ബഷീര്‍ എംപി നല്‍കിയ കത്തിന് ഈ മാസം അഞ്ചിന് നല്‍കിയ മറുപടിയിലാണ് ആര്‍ഡിബിസി തുക നല്‍കിയില്ലെന്ന് പറയുന്നത്. തുക ലഭ്യമാക്കാന്‍ എംപി. ആര്‍ഡിബിസിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോതാരി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

മേല്‍പ്പാല നിര്‍മാണത്തിന് വേണ്ടിയാണ് താത്കാലികമായി റെയില്‍വെ ഗെയിറ്റ് അടച്ചത്. എന്നാല്‍ നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നുവെന്നല്ലാതെ ഗെയിറ്റ് ഇതുവരെയും തുറന്നിട്ടില്ല. താനൂരിലെ വ്യാപാരികളും യാത്രക്കാരും മാസങ്ങളായി വലിയ ദുരിതമാണ് അനുഭവിക്കുന്നത്. റെയില്‍വേ ഗെയിറ്റ് ഉടന്‍ തുറക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നുവെങ്കിലും പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായി.

ദിവസങ്ങള്‍ക്ക് മുമ്പ് ഗെയിറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വെയുടെ ചുമതല കൂടിയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ യോഗം വിളിക്കുകയും ഉടനെ തുറക്കുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. അതും കടലാസില്‍ തന്നെ തുടരുകയാണ്. എന്നാല്‍ സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിക്ക് നല്‍കിയ കത്തില്‍ പറഞ്ഞത് പ്രകാരം ആര്‍ഡിബിസിയും വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയും കുറ്റകരമായ അനാസ്ഥയാണ് റെയില്‍വേക്ക് ഫണ്ട് കൈമാറാതെ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധാത്തിന് ഇത് കാരണമാകും.

Next Story

RELATED STORIES

Share it