Latest News

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി
X

ബെംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബലാല്‍സംഗ കേസ് റദ്ദാക്കിയാണ് കോടതി വിധി. ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട സ്ത്രീ തനിക്കെതിരേ നല്‍കിയ ബലാല്‍സംഗ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 23 വയസ്സുള്ള ഒരാള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് എഫ്ഐആര്‍ റദ്ദാക്കി. പ്രതികള്‍ വാട്ട്സ്ആപ്പില്‍ പരസ്പരം ചാറ്റ് ചെയ്തതിന്റെയും ഫോട്ടോകളും വീഡിയോകളും കൈമാറുകയും ചെയ്തതിന്റെയും തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

'പരസ്പര സമ്മതത്തോടെ ആരംഭിച്ച് നിരാശയില്‍ അവസാനിച്ച ഒരു ബന്ധം കുറ്റകൃത്യമല്ല. ചില പ്രത്യേക കേസുകളിലൊഴികെ, ക്രിമിനല്‍ നിയമപ്രകാരം അത് കുറ്റകൃത്യമാക്കി മാറ്റാന്‍ കഴിയില്ല,' ഹൈക്കോടതി വ്യക്തമാക്കി.

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട സാംപ്രാസ് ആന്റണി എന്നയാള്‍ തന്നെ ഒരു ഒയോ റൂമിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതിക്കാരിയായ സ്ത്രീ കഴിഞ്ഞ വര്‍ഷം കൊണനകുണ്ടെ പോലിസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ പോലിസ് ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ഹൈക്കോടതിയില്‍ ഹരജി നല്‍കി.

ഒരു വര്‍ഷത്തോളം സ്ത്രീ ആന്റണിയുമായി ചാറ്റ് ചെയ്യുകയും ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഇരുവരും അടുത്ത സുഹൃത്തുക്കളായി. പിന്നീട്, ഒരു വര്‍ഷത്തിനുശേഷം, 2024 ഓഗസ്റ്റ് എട്ടിന്, അവര്‍ ബാംഗ്ലൂരില്‍ കണ്ടുമുട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. പിന്നീട് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തു. എന്നാല്‍ തന്റെ സമ്മതമില്ലാതെയാണ് ആന്റണി ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചതെന്നും പിന്നാലെ ഇയാള്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നും യുവതി പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it