Latest News

എടവണ്ണ പഞ്ചായത്തില്‍ ചൊവ്വാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എംഎല്‍എ

എടവണ്ണ പഞ്ചായത്തില്‍ ചൊവ്വാഴ്ച മുതല്‍ സമ്പൂര്‍ണ   ലോക്ക് ഡൗണ്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എംഎല്‍എ
X

എടവണ്ണ: ഒമ്പത് പേര്‍ കൊവിഡ് പോസിറ്റീവ് ആയതോടെ എടവണ്ണ പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ വൈകുന്നേരം അഞ്ച് മണി വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച്ച രാവിലെ വരെ കടകള്‍ പൂര്‍ണ്ണമായും അടച്ചിടണമെന്ന് പി കെ ബഷീര്‍ എംഎല്‍എ അറിയിച്ചു. ആരോഗ്യ-പൊലിസ്-ഫയര്‍ഫോഴ്‌സ്-പഞ്ചായത്ത് വകുപ്പ് അധികൃതരുമായി ഇന്നലെ നടത്തിയ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് എംഎല്‍എ അറിയിച്ചു.

ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പ്രാഥമിക സമ്പര്‍ക്ക പട്ടിക പ്രകാരം 270പേരോളം രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഇത് അസാധാരണ സാഹചര്യമാണ് പഞ്ചായത്ത് പ്രദേശത്ത് സൃഷ്ടിച്ചിട്ടുള്ളതെന്ന് എംഎല്‍എ പറഞ്ഞു. ഇവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്തും. കൂടാതെ പഞ്ചായത്തിലെ പ്രധാന ടൗണുകളായ എടവണ്ണ, പത്തപ്പിരിയം, പന്നിപ്പാറ, കുണ്ടുതോട്, ഒതായി എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അണു നശീകരണം നടത്തും.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പൊലിസും, ആരോഗ്യ വകുപ്പും പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം നടപടിയെടുക്കും. രോ?ഗികള്‍ പലരും എടവണ്ണയിലെ പല കടകളും സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതുകൂടി കണ്ടാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നത്. വ്യാപാരികളും, ഹോട്ടല്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണുമായ് സഹകരിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. പൊതുജനങ്ങളും പൂര്‍ണമായി സഹകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

മഹല്ല് ഭാരവാഹികളും, മറ്റ് ആരാധനാലയങ്ങളും ഇതൊരു അറിയിപ്പായി എടുത്ത് സഹകരിക്കണം. അടുത്ത വെള്ളിയാഴ്ച്ചത്തെ ജുമ നമസ്‌കാരം അടക്കം ഒഴിവാക്കാന്‍ മഹല്ല് ഭാരവാഹികള്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ വൈകുന്നേരം 5 മണിവരെ കടകള്‍ തുറക്കുമെങ്കിലും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ. വ്യാഴാഴ്ച രാവിലെ 8 മുതല്‍ 12 വരെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച പഞ്ചായത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി മാത്രമേ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് തീരുമാനിക്കുകയുള്ളുവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

എടവണ്ണയിലെ നിലവിലെ സാഹചര്യം ആരോഗ്യ മന്ത്രിയെയും, കലക്ടറും, ജില്ലാ േൊലിസ് മേധാവിയും, ജില്ലാ മെഡിക്കല്‍ ഓഫിസറും അടക്കമുള്ള ജില്ലാ അധികാര കേന്ദ്രങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും യോഗ തീരുമാനം അനുസരിച്ച് സാഹചര്യം വിലയിരുത്തി മുന്നോട്ടു പോവാനാണ് ആരോഗ്യ മന്ത്രിയില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമെന്ന് എം എല്‍ എ പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിവി ഉഷാ നായര്‍, വൈസ് പ്രസിഡണ്ട് എ. അഹമ്മദ് കുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ ഇ.എ കരീം, റസിയ ബഷീര്‍, മെഡിക്കല്‍ ഒഫീസര്‍മാരായ ഡോ. ജനീഫ്, ഡോ. മന്‍സൂര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍, സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, ഫയര്‍ സര്‍വ്വീസ് ഓഫിസര്‍ അബ്ദുല്‍ നസീര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it