Latest News

അസമില്‍ സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു, 58 പോലിസുകാര്‍ക്ക് പരിക്ക്

രണ്ടു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

അസമില്‍ സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു, 58 പോലിസുകാര്‍ക്ക് പരിക്ക്
X

ദിസ്പുര്‍: അസമില്‍ വീണ്ടും സംഘര്‍ഷം. ഇന്ന് വൈകുന്നേരത്തോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൊല്ലപ്പെട്ടു. 58 പോലിസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് രണ്ടു ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. കര്‍ബി ആംഗ്ലോങ്, പടിഞ്ഞാറന്‍ കര്‍ബി ആംഗ്ലോങ് ജില്ലകളിലാണ് സംഘര്‍ഷം പടരാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഗോത്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.

ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാളി, ബിഹാര്‍ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നു നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തിലെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വിവിധ സമുദായ നേതാക്കളുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തിവരികയാണ്. അക്രമത്തെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകളാണ് വീടുപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുള്ളത്. അസം പോലിസിനൊപ്പം അര്‍ദ്ധസൈനിക വിഭാഗവും മേഖലയിലുണ്ട്. വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.

Next Story

RELATED STORIES

Share it