Latest News

സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ സന്ദേശം വിവാദത്തില്‍; ഡേറ്റ ചോര്‍ച്ച അന്വേഷിക്കണമെന്നാവശ്യം

സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ സന്ദേശം വിവാദത്തില്‍; ഡേറ്റ ചോര്‍ച്ച അന്വേഷിക്കണമെന്നാവശ്യം
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശം വിവാദത്തില്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഔദ്യോഗിക സംവിധാനം ഉപയോഗിക്കുന്നുവെന്നാണ് വ്യാപകമായി ഉയരുന്ന പ്രതിഷേധം. ഡേറ്റ ചോര്‍ത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷനേതാവ് നിയമപരമായി നീങ്ങുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നവര്‍, സ്ത്രീസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍, സംരംഭകര്‍ എന്നിവര്‍ക്കാണ് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയിട്ടുള്ളത്. ഇവരുടെയൊക്കെ ഫോണ്‍ നമ്പര്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ മുഖ്യമ്രന്തിയുടെ ഓഫീസിലേക്ക് എന്തിന്, എങ്ങനെ കൈമാറി എന്നതില്‍ വ്യക്തതയില്ല. ജീവനക്കാരുടേത് ഉള്‍പ്പൈട സന്ദേശം ലഭിച്ച ആരുടെയും സമ്മതം വാങ്ങതെയാണ് അവരുടെ ഫോണ്‍ നമ്പര്‍ അടക്കമെടുത്തതെന്ന വാദവും ഉയരുന്നുണ്ട്.

സന്ദേശം ഇങ്ങനെ,

കഴിഞ്ഞ ബജറ്റില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുകയാണ്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ സര്‍ക്കാര്‍ പൂര്‍ണമായും അനുവദിച്ചിരിക്കുന്നു. ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ അനുവദിച്ച 3 ശതമാനത്തിന് പുറമെ, ബാക്കിയുള്ള 10% ഡിഎ കൂടി അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ ആകെ ഡിഎ 35 ശതമാനമായി വര്‍ധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച 3% ഡിഎയും, ഏപ്രില്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ധിപ്പിച്ച 10% ഡിഎയും നിങ്ങളുടെ കൈകളിലെത്തും. സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ അഡ്വാന്‍സ് പുനസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ. ഈ സന്ദേശത്തിനൊപ്പം അവകാശങ്ങള്‍ സംരക്ഷിക്കും എന്ന വാചകം പതിച്ച മുഖ്യമന്ത്രിയുടെ ചിത്രമുള്ള കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ട്.


77.42 ലക്ഷം പേരുടെ ഔദ്യോഗിക ഡേറ്റ ചോര്‍ത്തി എന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ശേഖരിക്കുന്ന ഇത്തരം വ്യക്തിഗത വിവരങ്ങള്‍ മറ്റു പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഈ ചട്ടം നിലനില്‍ക്കെ ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്നാണ് വിവാദമുയരുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സോഫ്‌റ്റ്വെയറായ സ്പാര്‍ക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് സര്‍ക്കാരിനെതിരെ പരാതിയുമായി ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ രംഗത്തെത്തി. ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം എത്തിയതിനെതിരെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എസ് മനോജ് സൈബര്‍ സെല്ലിന്റെ ചുമതലയുള്ള എഡിജിപിാണ് ഔദ്യോഗികമായി പരാതി നല്‍കിയത്. സര്‍ക്കാര്‍ ഇനിയും ആരോപണങ്ങള്‍ക്ക് ഉത്തരം പറഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it