Latest News

ചാവക്കാട്ടെ പച്ചത്തുരുത്തുകള്‍ മിയാവാക്കി വനങ്ങളാക്കുന്നു

ചാവക്കാട്ടെ പച്ചത്തുരുത്തുകള്‍ മിയാവാക്കി വനങ്ങളാക്കുന്നു
X

തൃശ്ശൂര്‍: ചാവക്കാട് നഗരസഭയിലെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ചു വരുന്ന ചെടികളും വൃക്ഷത്തൈകളും മിയാവാക്കി വനമായി മാറുന്നു. തീരദേശ മേഖലയായതിനാല്‍ വെള്ളക്കെട്ട്, കടല്‍ക്ഷോഭം തുടങ്ങി രൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഭൂപ്രദേശമാണ് ചാവക്കാട്. ഇവ തടയുന്നതിന് കണ്ടലുകളും വനവല്‍ക്കരണത്തിന്റെ ഭാഗമായി പച്ചത്തുരുത്ത് പോലുള്ള നിരവധി പദ്ധതികളും ആവിഷ്‌കരിച്ചു പരിപാലിച്ചു പോരുന്നുണ്ട്. വലിയ വൃക്ഷത്തൈകള്‍ നട്ട് വളര്‍ത്തി പ്രകൃതിസംരക്ഷണത്തിന് ഉതകുംവിധം വനം നിര്‍മിക്കുന്നതിന് വേണ്ടിയാണ് മിയാവാക്കി വനം എന്ന ആശയം രൂപപ്പെട്ടത്. മിയാവാക്കി വന നിര്‍മാണത്തിന് തദ്ദേശീയമായ ചെടികള്‍ (ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികള്‍) വളര്‍ത്തുമ്പോള്‍ മാത്രമെ മിയാവാക്കി മാതൃകയില്‍ ഉദ്ദേശിക്കുന്ന വളര്‍ച്ച കുറഞ്ഞ കാലയളവ് കൊണ്ട് ഉണ്ടാക്കിയെടുക്കാനാകൂ. അര സെന്റിലോ അതില്‍ കൂടുതലോ മിയാവാക്കി വനം ഒരുക്കാന്‍ സാധിക്കും. ഫെര്‍ട്ടിലൈസര്‍ ബെഡ് തയ്യാറാക്കി ഒരു സ്‌ക്വയര്‍ ഫീറ്റില്‍ 4 ചെടികള്‍ എന്ന കണക്കില്‍ ചെടികള്‍ നടാം.

ചാവക്കാട് നഗരസഭയുടെ അധീനതയിലുള്ള ക്രിമിറ്റോറിയം, വെറ്റിനറി ആശുപത്രി എന്നിവിടങ്ങളില്‍ 3 സെന്റ് വീതം സ്ഥലത്ത് വിവിധ ഫലവൃക്ഷതൈകള്‍ സംരക്ഷിച്ചുവരുന്നുണ്ട്. മൈലാഞ്ചി ചെടികള്‍ കൊണ്ട് ഹരിതവേലി കെട്ടിത്തിരിച്ചുള്ള ഈ പച്ചത്തുരുത്തുകളാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് മിയാവാക്കി വനമായി രൂപാന്തരപ്പെടുത്താന്‍ നഗരസഭ വിഭാവനം ചെയ്യുന്നത്.

നെല്ലി, മാവ്, പേര, പുളി എന്നിങ്ങനെയുള്ള ഫലവൃക്ഷതൈകളാണ് നിലവില്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 17ന് ജനകീയാസൂത്രണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രസ്ഥാനത്തിന്റെ അടയാളപ്പെടുത്തലായി ചാവക്കാട് നഗരസഭ രൂപകല്പന ചെയ്യുന്ന മിയാവാക്കി വനത്തിന്റെ ഉദ്ഘാടനം നടത്തും. നഗരസഭയുടെ ക്രിമിറ്റോറിയം, വെറ്റിനറി ആശുപത്രിയിലെ പച്ചത്തുരുത്തുകള്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഫലവൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ച് മിയാവാക്കി വനമാക്കുന്ന പദ്ധതിക്കായി 1,50,000 രൂപ വകയിരുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ വൃക്ഷത്തൈകള്‍ നടാനും നഗരസഭയുടെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം മിയാവാക്കി വനങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അറിയിച്ചു.

Next Story

RELATED STORIES

Share it