Latest News

സിഎച്ച്, എകെജി മേല്‍പാലങ്ങള്‍ പുനരുദ്ധരിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

സിഎച്ച്, എകെജി മേല്‍പാലങ്ങള്‍ പുനരുദ്ധരിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
X

കോഴിക്കോട്: നഗരത്തിലെ പ്രധാന മേല്‍പാലങ്ങളായ സിഎച്ച് മേല്‍പാലവും എകെജി മേല്‍പാലവും അറ്റകുറ്റപണികള്‍ നടത്തി പുനരുദ്ധരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഗസ്റ്റ്ഹൗസില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നഗരത്തിലെ വെള്ളക്കെട്ടുകള്‍ക്കും അതുവഴിയുണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ക്കും ശാശ്വതമായ പരിഹാരം കാണുകയാണ് ലക്ഷ്യം. മാവൂര്‍ റോഡ് ഭാഗത്തെ വെള്ളക്കെട്ട് പരിഹരിച്ചാല്‍ തന്നെ വലിയ മാറ്റമാണ് ഉണ്ടാവുക. വെള്ളക്കെട്ട് പരിഹരിക്കാന്‍ ഈ ഭാഗങ്ങളില്‍ പല കാര്യങ്ങളും ചെയ്‌തെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ അവസ്ഥ മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു.

മൊഫ്യൂസല്‍ ബസ് സ്റ്റാന്റിന് മുന്‍വശത്തും അരയിടത്ത് പാലത്തുമുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇറിഗേഷന്‍, കോര്‍പറേഷന്‍, പി ഡബ്‌ളിയുഡി എക്‌സി. എഞ്ചിനീയര്‍മാരുടെ സംയുക്ത പരിശോധന ഒക്ടോബര്‍ 30നകം പൂര്‍ത്തീകരിക്കും. 31 ന് കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും.

പൊറ്റമ്മല്‍, പറയഞ്ചേരി ഓടകള്‍ പരിശോധിക്കും. മൂന്നാലിങ്കല്‍ ഭാഗത്തെയും ബീച്ച് ഹോസ്പിറ്റലിനകത്തെയും ഓടകള്‍ അറ്റകുറ്റപണികള്‍ നടത്താന്‍ കെട്ടിടവിഭാഗത്തെ ചുമതലപ്പെടുത്തി. തഴമ്പാട്ട് താഴം അങ്ങാടിയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങള്‍ ഒക്ടോബര്‍ 20 ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പരിശോധിക്കും.

വേങ്ങേരി മാര്‍ക്കറ്റിനകത്തെ ഓടകള്‍ വൃത്തിയാക്കാന്‍ കൃഷി വകുപ്പിനെയും പൊറ്റമ്മല്‍, പാലാഴി റോഡിലെ തുറന്ന ഓടകള്‍ സ്ലാബിട്ട് മൂടാന്‍ പൊതുമരാമത്ത് വകുപ്പിനെയും

ചെലവൂരിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ ദേശീയപാത വിഭാഗത്തെയും ചുമതലപ്പെടുത്തി. യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, മേയര്‍ ഡോ.ബീന ഫിലിപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it